തിരുവനന്തപുരം: ദക്ഷിണ റെയില്‍വേ നവീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ‘അമൃത് ഭാരത് പദ്ധതി’ പ്രകാരം 90-ഓളം റെയില്‍വേ സ്റ്റേഷനുകളാണ് നവീകരിക്കുക.കേരളത്തിലെ 34 സ്റ്റേഷനുകളാകും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളും മികച്ച നിലവാരത്തിലേക്ക് ഉയരും.ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലം, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍ എന്നീ സ്റ്റേഷനുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേഷന്‍റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ചെങ്ങന്നൂര്‍ സ്റ്റേഷന്‍റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. നിലവില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന 8799 കോടിയുടെ പദ്ധതിക്ക് പുറമേയാണിത്.ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍,കാസര്‍ഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര,നെയ്യാറ്റിന്‍കര, നിലമ്ബൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തൃശ്ശൂര്‍, തിരൂര്‍,തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കഞ്ചേരി എന്നീ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ സ്റ്റേഷനുകള്‍.
റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിയാണ് അമൃത് ഭാരത് പദ്ധതി.പദ്ധതി പ്രകാരം വിശാലമായ റോഡുകള്‍, ലൈറ്റിംഗ്, വൈഫൈ സൗകര്യങ്ങള്‍ എന്നിവ പുനഃക്രമീകരിക്കും. റൂഫ് പ്ലാസകള്‍, മികച്ച ഫ്ലോറിംഗ്, മിനുസമാര്‍ന്ന ഭിത്തികള്‍, പ്ലാറ്റ്ഫോമുകളിലെ മികച്ച ഫര്‍ണിച്ചറുകള്‍, വെയ്റ്റിംഗ് റൂമുകള്‍, ദിവ്യാംഗര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും സ്റ്റേഷനുകളില്‍ ഒരുക്കും. മികച്ച രീതിയിലുള്ള കഫറ്റീരിയയും റീട്ടെയില്‍ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും.