അമീബിക് മസ്തിഷ്ക ജ്വരം; അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍

Top News

.നാലു കുട്ടികള്‍ കൂടി ആശുപത്രിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അസുഖബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററില്‍ തുടരുന്നത്. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്.അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ ഉള്ള കുട്ടിയുടെ ബന്ധുക്കളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ജലദോഷമടക്കമുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ മൂന്നിയൂര്‍ പഞ്ചായത്തില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പുഴയില്‍ കുളിക്കുന്നത് പരമാവധി ഒഴിവാക്കണം. പനി, ജലദോഷം, തലവേദന, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ തന്നെ ചികിത്സ തേടണം എന്നും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്.
രോഗബാധിതയായ കുട്ടിയും നിരീക്ഷണത്തിലുള്ള കുട്ടികളും കടലുണ്ടിപ്പുഴയില്‍ മൂന്ന് ദിവസം മുമ്പ് കുളിച്ചിരുന്നു. ഇതിനു പിന്നാലെ പനിയും ജലദോഷവും വരികയും പിന്നീട് ഇത് മൂര്‍ച്ഛിക്കുകയുമായിരുന്നു. പുഴയിലെ വെള്ളത്തില്‍ നിന്നാകാം ഈ രോഗം വന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളം മൂക്കിലൂടെ അകത്തേക്ക് കയറി അതിലെ അമീബ വൈറസിന്‍റെ സാന്നിധ്യം തലച്ചോറിലെത്തിയതാണ് കാരണമെന്നാണ് നിഗമനം. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *