അമിത് ഷാ എത്തി ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി ബി.ജെ.പി

Kerala

തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വിജയക്കൊടി നാട്ടാന്‍ തയ്യാറെടുപ്പുകള്‍

തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കേ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പിയുടെ സമുന്നത നേതാവുമായ അമിത് ഷാ കേരളത്തിലെത്തി തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുക, കഴിയുന്നത്ര സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം നേടാന്‍ വ്യക്തമായ ആസൂത്രണത്തോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ് നേതൃത്വത്തിന്‍റെ ദൗത്യം.
കഴിഞ്ഞ ത്രിപുര,മേഘാലയ,നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു പറഞ്ഞത് കേരളത്തില്‍ അടുത്തുതന്നെ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്നാണ്.ഇതിന് ആദ്യപടിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുകയും കഴിയുന്നത്ര മണ്ഡലങ്ങള്‍ വിജയിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വേണം. ഈയൊരു സാഹചര്യത്തിലാണ് തേക്കിന്‍കാട് മൈതാനത്തു സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുക്കാനും, തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെയും പ്രവര്‍ത്തകരെയും സജ്ജരാക്കാനും അമിത് ഷാ കേരളത്തില്‍ എത്തിയത്.
തൃശ്ശൂരില്‍ തന്നെ ഈ പരിപാടി സംഘടിപ്പിച്ചത് ബി.ജെ.പി ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന മണ്ഡലം തൃശ്ശൂര്‍ ആണ് എന്നതുകൊണ്ടുതന്നെയാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ ബി.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അന്ന് സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് തീരുമാനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്തുതന്നെയായാലും തൃശൂര്‍ പിടിച്ചെടുക്കുക എന്നതുതന്നെയാണ് ലക്ഷ്യം. അമിത് ഷാ പങ്കെടുത്ത റാലിയില്‍ സംസാരിച്ച സുരേഷ് ഗോപി താന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി.ഹൃദയംകൊണ്ട് തൃശ്ശൂര്‍ എടുക്കുമെന്നും കേരളം ബി.ജെ.പി പിടിച്ചെടുക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
തൃശ്ശൂര്‍ കൂടാതെ ആറു മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പി കണ്ണുവയ്ക്കുന്നു. ഇവിടങ്ങളില്‍ പാര്‍ട്ടി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങള്‍ വഴി മുന്നേറാനാവുമെന്നാണ് വിലയിരുത്തല്‍.
2024ല്‍ അക്കൗണ്ട് തുറക്കുകയും, ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിക്കുകയും ചെയ്താല്‍, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം നല്‍കുമെന്നും, അവിശ്വസനീയമായ കുതിപ്പ് നടത്താന്‍ കഴിയുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.ആ ഒരു ലക്ഷ്യത്തിലേക്ക് അടുക്കണമെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തേണ്ടതിന്‍റെ അനിവാര്യത നേതൃത്വം മനസ്സിലാക്കുന്നു. ബി. ജെ. പിക്ക് അപ്രാപ്യമെന്നു കരുതുന്ന കേരളത്തില്‍ വിജയക്കൊടി പാറിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ദേശീയ നേതൃത്വം സവിശേഷ പരിഗണനയാണ് നല്‍കുന്നത്. തൃശ്ശൂരിന്‍റെ ശില്‍പ്പി എന്നറിയപ്പെടുന്ന ശക്തന്‍ തമ്പുരാന്‍റെ നാട്ടില്‍നിന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതു ഈ ലക്ഷ്യം മുന്നില്‍ കണ്ടു കൊണ്ടു തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *