ന്യൂഡല്‍ഹി: ഭാരതത്തിലെ വിശ്വാസികള്‍ ഏറ്റവും അധികം കാത്തിരിക്കുന്ന തീര്‍ത്ഥാടന യാത്രകളിലൊന്നാണ് അമര്‍നാഥ്.കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച്, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്ന അമര്‍നാഥ്, വിശ്വാസികളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിന്‍റെ അടയാളമാണ്. ശിവന്‍ തന്‍റെ അമരത്വം വെളിപ്പെടുത്തിയ ഇടമാണ് അമര്‍നാഥ് എന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണത്രെ ശിവന്‍ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തില്‍ അമര്‍നാഥ് തീര്‍ത്ഥാടനം നടത്തുന്നതിന്‍റെ പിന്നിലെ കാരണം. ഈ വര്‍ഷം അമര്‍നാഥ് യാത്ര 2022 ജൂണ്‍ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11ന് സമാപിക്കുമെന്ന് അമര്‍നാഥ് ദേവാലയ ബോര്‍ഡ് സിഇഒ നിതീഷ്വര്‍ കുമാര്‍ അറിയിച്ചു.കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷമായി യാത്രയ്ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു.
എന്നാല്‍ ഈ വര്‍ഷം വിപുലമായ രീതിയില്‍ തന്നെ തീര്‍ത്ഥാടനമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. യാത്രയ്ക്ക് മുന്നോടിയായുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 11 ആരംഭിക്കും. തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തിന്‍റെ വെബ്സൈറ്റലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഈ വര്‍ഷം 3 ലക്ഷത്തിലധികം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ജമ്മുകശ്മീരിലെ റംബാന്‍ ജില്ലയില്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യമൊരുക്കും. ഇക്കുറി വിദേശത്ത് നിന്നുള്ള വിശ്വാസികളെയും പ്രതീക്ഷിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു. യാത്രയുടെ മറ്റ് വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.