ലണ്ടന്‍: ബ്രിട്ടീഷ് മണ്ണില്‍ അഭയം തേടിയെത്തുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ നിര്‍മിക്കുന്ന ക്യാമ്ബിലേക്ക് അയക്കാന്‍ അനുവദിക്കുന്ന ബില്‍ ബ്രിട്ടനില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി.10-12 ആഴ്ചക്കകം ഇവരെ അയച്ചുതുടങ്ങാനാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ഉന്നത സഭ അതിവേഗം കടന്ന ബില്ലിന് പക്ഷേ, പ്രഭുസഭ തടസ്സങ്ങള്‍ പറഞ്ഞെങ്കിലും സുനകിന്‍റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ അംഗീകാരം നല്‍കുകയായിരുന്നു.
അഭയാര്‍ഥികളെ കടത്താന്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായും അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് കൊണ്ടുപോകാനുള്ള 500 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും സുനക് പറഞ്ഞു. ഇവരെ ഉടന്‍ റുവാണ്ടയിലെത്തിക്കും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുറപ്പിക്കുന്ന നടപടിയായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്.കൊടിയ പട്ടിണിയും യുദ്ധങ്ങളും മൂലം ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍നിന്ന് നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടുന്നത് പതിനായിരങ്ങളാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നാണ് പലരും ഇവിടെയെത്തുന്നത്. എന്നാല്‍, ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള റുവാണ്ടയുമായി കരാറുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം പറയുന്നു. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സുനക് നയിക്കുന്ന കണ്‍സര്‍വേറ്റിവുകള്‍ വന്‍ പരാജയം നേരിടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. അധികാരമേറിയാല്‍ ഈ നിയമം അസാധുവാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
റുവാണ്ടയിലെത്തിക്കുന്ന അഭയാര്‍ഥികള്‍ക്ക് രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങളില്‍ പലതും ബാധകമല്ലെന്നതാണ് പ്രധാന എതിര്‍പ്പ്. കേസുകളില്‍ അപ്പീല്‍ നല്‍കാനുള്ള അവസരവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനു പിറകെ ഓസ്ട്രിയ, ജര്‍മനി രാജ്യങ്ങളും സമാനമായി കരാറുകളുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.