കറാച്ചി: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് പാക്ക് ക്രിക്കറ്റില്‍ പൊട്ടിത്തെറി. ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ബാബറിന്‍റെ നേതൃപാടവത്തെ വിമര്‍ശിച്ചവരുടെ കൂട്ടത്തില്‍ മുന്‍നായകന്‍മാരായ ഷുഹൈബ് മാലിക്കും മോയിന്‍ ഖാനുമുണ്ട്. ബാബര്‍ അസമിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ഇരുവരും തുറന്നടിച്ചു.ദിവസവും എട്ട് കിലോ ആട്ടിറച്ചി കഴിക്കുന്ന ടീമില്‍ ഫിറ്റ്നസില്ലാത്ത താരങ്ങളുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ വസീം അക്രം വിമര്‍ശിച്ചു.എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് ബാബറിന് പിന്തുണയുമായി രംഗത്ത് വന്നു.
അഫ്ഗാനിസ്ഥാനെതിരായ തോല്‍വിക്കു പിന്നാലെ ബാബര്‍ അസം ഡ്രസ്സിംഗ് റൂമില്‍വെച്ച് പൊട്ടിക്കരഞ്ഞുവെന്ന് മുഹമ്മദ് യൂസഫ് പറഞ്ഞു. പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബര്‍ പൊട്ടിക്കരഞ്ഞ കാര്യം യൂസഫ് വെളിപ്പെടുത്തിയത്. അഫ്ഗാനെതിരായ തോല്‍വിക്ക് ശേഷം ബാബര്‍ കരയുന്നത് കേട്ടുവെന്നും എന്നാല്‍ തോല്‍വിയില്‍ ബാബറിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും യൂസഫ് പറഞ്ഞു.ഇതിനിടെ ടീമിനെ സഹായിക്കാനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍താരങ്ങളുടെ സഹായം തേടി.