ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ – വ്യോമസേന വിമാനങ്ങള്‍ തയ്യാര്‍
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ഭരണം തിരിച്ചുപിടിച്ചതോടെ മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നിര്‍ത്തിയിട്ട വിമാനങ്ങളില്‍ കയറാന്‍ ആയിരക്കണക്കിന് പേര്‍ തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ജനങ്ങളെ പിരിച്ചുവിടന്‍ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ് കാബൂള്‍ വിമാനത്താവളം. ഇതിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗവും ഇതുതന്നെ.
തിരക്കേറിയ ബസ്സ്റ്റാന്‍ഡിനെ അനുസ്മരിപ്പിക്കുന്നതാണ് വിമാനത്താവളത്തിലെ കാഴ്ചകള്‍. നിര്‍ത്തിയിട്ട വിമാനത്തിന്‍റെ മുന്‍വാതിലുമായി ബന്ധിപ്പിച്ച ഏണിപ്പടിയില്‍ യാത്രക്കാര്‍ അള്ളിപ്പിടിച്ചാണ് കയറുന്നത്. നിരവധിപേര്‍ വിമാനം തേടി റണ്‍വേയിലൂടെ പരക്കം പായുന്നതും കാണാം.
വിമാനത്താവളത്തിന് പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങള്‍ നില്‍ക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് യു.എസ് സൈനികര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. ജനക്കൂട്ടം ഇരച്ചുകയറിയതോടെയാണ് രാവിലെ ആകാശത്തേക്ക് വെടിവച്ചത്.
അതിനിടെ, അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.