കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നിയമങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് താലിബാന്‍. സ്ത്രീകള്‍ അഭിനയിക്കുന്ന എല്ലാ ടെലിവിഷന്‍ ഷോകളുടെയും പ്രദര്‍ശനം ഉടനടി നിറുത്തിവയ്ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം താലിബാന്‍ ഭരണകൂടം രാജ്യത്തെ ചാനലുകള്‍ക്ക് നല്‍കിക്കഴിഞ്ഞു.ഇതുലംഘിച്ചാല്‍ ചാനല്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിനൊപ്പം ഉടമകള്‍ കടുത്ത ശിക്ഷകള്‍ക്കും വിധേയരാകേണ്ടിവരും.
വനിതാ മാദ്ധ്യമപ്രവര്‍ത്തകള്‍ വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതിനൊപ്പം മതവിരുദ്ധമോ താലിബാന്‍ വിരുദ്ധമോ ആയ ഒന്നും വാര്‍ത്തകളില്‍ ഉണ്ടാവാനും പാടില്ല. ഇപ്പോള്‍ പുറപ്പെടുവിക്കുന്നത് മതപരമായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണെന്നും നിയമങ്ങള്‍ അല്ലെന്നുമാണ് താലിബാന്‍ വക്താക്കള്‍ പറയുന്നത്.
തങ്ങളുടെ ഭരണത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് അധികാരങ്ങളും അവകാശങ്ങളും ഉണ്ടാവും എന്ന് തുടരെത്തുടരെ പറഞ്ഞിരുന്ന താലിബാനാണ് ഇപ്പോള്‍ കളംമാറ്റിച്ചവിട്ടിയത്.
1996-2001 കാലഘട്ടത്തില്‍ അഫ്ഗാന്‍ ഭരണം താലിബാന്‍ കൈയാളിയിരുന്നപ്പോള്‍ സിനിമയും ടിവിയും രാജ്യത്ത് പൂര്‍ണമായും നിരോധിച്ചിരുന്നു. ടെലിവിഷനോ സിനിമയോ കാണുന്നത് പൊറുക്കാനാവാത്ത കുറ്റമായി കണക്കാക്കി കഠിന ശിക്ഷ നടപ്പാക്കിയിരുന്നു. പരസ്യമായ ചാട്ടയടിയും ടെലിവിഷന്‍ സെറ്റുകള്‍ നശിപ്പിക്കുന്നതും ഇത്തരക്കാര്‍ക്കുള്ള ചെറിയ ശിക്ഷയായിരുന്നു. ‘വോയ്സ് ഓഫ് ഷരിയ’ എന്ന റേഡിയോ സ്റ്റേഷന്‍ മാത്രമാണ് എല്ലാവര്‍ക്കും കേള്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നത്. അധികാരത്തില്‍ നിന്ന് താലിബാന്‍ പുറത്തായതോടെ രാജ്യത്ത് സിനിമയും ടെലിവിഷനുമാക്കെെ തിരികെ വന്നു. ഇന്ത്യ ഉള്‍പ്പടെയുളള രാജ്യങ്ങളിലെ ടെലിവിഷന്‍ ഷോകളും അഫ്ഗാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കില്ലെന്നാണ് ഇക്കുറി അധികാരത്തിലെത്തിയപ്പോള്‍ താലിബാന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എല്ലാം പഴയപോലെ തന്നെയാണെന്ന് അല്പദിവസത്തിനകം തന്നെ വ്യക്തമായി. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ വീട്ടില്‍ കയറി വെടിവച്ചുകൊല്ലുന്നത് പതിവായി.
സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണം സംബന്ധിച്ചും കോളേജുകളിലെയും സ്കൂളുകളിലെയും ക്ളാസുകളില്‍ എങ്ങനെ ഇരിക്കണം എന്നതിനെക്കുറിച്ചും കടുത്ത നിര്‍ദ്ദേശങ്ങള്‍ താലിബാന്‍ പുറപ്പെടുവിച്ചിരുന്നു.
ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും ഒറ്റയ്ക്ക് കാറില്‍ യാത്രചെയ്യരുതെന്നുമുള്ള പഴയ നിര്‍ദ്ദേശങ്ങളും പുതിയ താലിബാന്‍ ഭരണാധികാരികള്‍ നടപ്പാക്കിയിരുന്നു.