അഫ്ഗാനില്‍ നിന്ന് യു.എസ് സേന പിന്മാറും: ബൈഡന്‍

Gulf World

വാഷിംഗ്ടണ്‍: ഇക്കൊല്ലം സെപ്തംബര്‍ 11 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുമെന്നും ഇതോടെ രണ്ടു ദശകങ്ങള്‍ നീണ്ട, രാജ്യത്തിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് സമാപനമാകുമെന്നും പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. ബുധനാഴ്ച വൈറ്റ് ഹൗസില്‍നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍.
മേയ് 1 മുതല്‍ അന്തിമ പിന്‍വാങ്ങല്‍ ആരംഭിക്കും. പെട്ടെന്നൊരു പുറത്തുപോക്കല്ല. ഉത്തരവാദിത്വത്തോടെ സുരക്ഷിതമായി ആയിരിക്കും സേനകളുടെ പിന്‍വാങ്ങലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.പ്രഖ്യാപനത്തിനു മുന്നോടിയായി മുന്‍ പ്രസിഡന്‍റുമാരായ ബറാക് ഒബാമ, ജോര്‍ജ് ബുഷ് എന്നിവരോട് ബൈഡന്‍ സംസാരിച്ചിരുന്നു.യു.എസ് സൈന്യത്തിനൊപ്പം നാറ്റോ (നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) സഖ്യകക്ഷികളും മറ്റ് പങ്കാളികളും അന്നേ ദിവസത്തോടുകൂടി പൂര്‍ണമായും പിന്മാറുമെന്നാണ് ബൈഡന്‍ വ്യക്തമാക്കിയത്.2001സെപ്തംബര്‍ 11നാണ് യു.എസിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍ററിലേക്ക് ഭീകരര്‍ യാത്രാ വിമാനം ഇടിച്ചിറക്കിയത്. ഇതിന് തിരിച്ചടി നല്‍കാനാണ് യു.എസ് അഫ്ഗാനിസ്ഥാനില്‍ അല്‍ഖ്വായിദ ഭീകര സംഘടനയ്ക്ക് നേരെ യുദ്ധം ആരംഭിച്ചത്.യു.എസിന്‍റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. ഭീകരര്‍ ശക്തിപ്രാപിക്കുന്നത് തടയും.
സ്വന്തം ചെയ്തികള്‍ക്ക് താലിബാനെക്കൊണ്ട് കണക്ക് പറയിക്കും. യു.എസിനെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഇത് അഫ്ഗാന്‍ സര്‍ക്കാര്‍ നമുക്കും ഉറപ്പു തന്നിട്ടുണ്ട്. നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭീഷണികളിലേക്കാണ് ഇനി പൂര്‍ണ ശ്രദ്ധ കൊടുക്കുന്നത്.’ രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡന്‍ പറഞ്ഞു.പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അമേരിക്കന്‍ സൈനികര്‍ അന്ത്യവിശ്രമം കൊള്ളുന്ന അര്‍ലിങ്ടണ്‍ സെമിത്തേരിയിലെത്തി ബൈഡന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.അല്‍ഖ്വായിദ തലവന്‍ ബിന്‍ ലാദനെ പിടികൂടാനും അവരുടെ സുരക്ഷിത താവളം നശിപ്പിക്കാനുമാണ് യു.എസ് യുദ്ധത്തിനിറങ്ങിയത്. അഫ്ഗാനിസ്ഥാനെ യോജിപ്പിക്കാമെന്ന് താനൊരിക്കലും കരുതിയിട്ടില്ലെന്നും ബൈഡന്‍ സെമിത്തേരിയില്‍ വച്ച് മാദ്ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
അതേസമയം, താലിബാനുമായി യു.എസ് സേനയുണ്ടാക്കിയ സമാധാന കരാര്‍ പാലിക്കപ്പെടുമോയെന്ന് സംശയമുള്ളതായി യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിറ്റേദിവസമാണ് ബൈഡന്‍റെ പ്രഖ്യാപനം.
യുഎസും സഖ്യകക്ഷികളും പിന്മാറിയാല്‍ താലിബാനെ നിയന്ത്രിച്ചുനിര്‍ത്താന്‍ അഫ്ഗാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്ന് വരില്ലെന്നാണ് ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്‍റലിജന്‍സിന്‍റെ ഓഫിസ് തയാറാക്കിയ വാര്‍ഷിക വേള്‍ഡ് ത്രെട്ട് അസെസ്സ്മെന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കഴിഞ്ഞവര്‍ഷം ഫെബ്രുവരി 29ന് ദോഹയില്‍ വച്ചാണ് യു.എസും താലിബാനും സമാധാന കരാര്‍ ഒപ്പിടുന്നത്. കരാര്‍ അനുസരിച്ച് 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് യു.എസ് സേന പിന്‍മാറണം. താലിബാനെ പുറത്താക്കാനുള്ള യുദ്ധത്തിനായും അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിനായും 1 ട്രില്യണ്‍ യുഎസ് ഡോളറിലധികം അമേരിക്ക ചെലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധത്തില്‍ 2,400ല്‍ പരം യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *