കോഴിക്കോട്: മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ രചയിതാവും നെടുങ്ങാടി ബാങ്ക് സ്ഥാപകനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്നത്തെ അച്യുതന്‍ ഗേള്‍സ് സ്കൂളിന്‍റെ സ്ഥാപകനും പ്രഗല്‍ഭ അഭിഭാഷകനുമായ ടി.എം. അപ്പു നെടുങ്ങാടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.അപ്പുനെടുങ്ങാടി വിരാജിച്ച നാല് വ്യത്യസ്ത മേഖലകളില്‍ തനതായ വ്യക്തിത്വം ഉറപ്പാക്കിയവരെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് അപ്പു നെടുങ്ങാടി അനുസ്മരണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാഹിത്യമേഖലയില്‍ നിന്ന് ചേവായൂര്‍ ഭാരതീയ വിദ്യാഭവന്‍ അധ്യാപികയും എഴുത്തുകാരിയുമായ രജനി സുരേഷ്, ബാങ്കിംഗ് മേഖലയില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ കെ. സുരേഷ് കുമാര്‍, അഭിഭാഷക മേഖലയില്‍ നിന്ന് പരപ്പനങ്ങാടി കോടതിയിലെ സീനിയര്‍ അഭിഭാഷക അഡ്വ.കെ. ഉഷ, വിദ്യാഭ്യാസ മേഖലയില്‍ നിന്ന് പടിഞ്ഞാറ്റുമുറി ഗവ. യു.പി സ്കൂള്‍ അധ്യാപകന്‍ ബിജേഷ്. ബി.ജെ എന്നിവര്‍ക്കാണ് പുരസ്കാരം.
പ്രശസ്തിപത്രവും 25000 രൂപ കാഷ് അവാര്‍ഡും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. ഒക്ടോബര്‍ 30ന് വൈകുന്നേരം 4.30ന് അളകാപുരി കാര്‍ത്തിക ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ. ബൈജു പുരസ്കാരങ്ങള്‍ നല്‍കും. പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഹെഡ് എന്‍. രാമചന്ദ്രന്‍ പ്രശസ്തിപത്രം സമര്‍പ്പിക്കും. പ്രശസ്ത ചിത്രകാരന്‍ മദനന്‍ അപ്പു നെടുങ്ങാടിയുടെ സംഭാവനകള്‍ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ എന്‍.വി. ബാബുരാജ്,വൈസ് ചെയര്‍മാന്‍മാരായ കെ.എം. ശശിധരന്‍,പി.അനില്‍ ബാബു, കണ്‍വീനര്‍ പി.കെ. ലക്ഷ്മിദാസ് എന്നിവര്‍ പങ്കെടുത്തു