മിലാന്‍: യുവന്‍റസില്‍ നിന്ന് തന്‍റെ മുന്‍ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മടങ്ങിപോകാന്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തയ്യാറെടുക്കുന്നെന്ന വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് താരം. ഇത്തരം വാര്‍ത്തകള്‍ തന്നോടും ക്ളബുകളോടും അവിടെ കളിക്കുന്ന താരങ്ങളോടുമുള്ള അനാദരവാണെന്നും ഇത്തരത്തില്‍ ഫുട്ബാള്‍ താരങ്ങളെ അപമാനിക്കരുതെന്നും റൊണാള്‍ഡോ പറഞ്ഞു. തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
യുവന്‍റസില്‍ താരം അസംതൃപ്തനാണെന്നും മറ്റ് ക്ളബുകളിലേക്ക് മാറാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാരിസിലെ പി എസ് ജിയിലേക്ക് ചുവടുമാറ്റാന്‍ റൊണാള്‍ഡോയും ഏജന്‍റും ശ്രമിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥാനത്ത് മെസിയെ പി എസ് ജി സൈന്‍ ചെയ്തതുകൊണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്.
റൊണാള്‍ഡോയെ ടീമിലേക്ക് മടക്കികൊണ്ടു വരുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിച്ചിട്ടു പോലുമില്ലെന്ന് കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിന്‍റെ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനു തൊട്ടുപിറകേയാണ് റൊണാള്‍ഡോയുടെ പ്രതികരണം.
റയലിലെ തന്‍റെ ചരിത്രം എഴുതപ്പെട്ടതാണെന്നും ബെര്‍ണബ്യൂവിലെ മ്യൂസിയത്തിലും ഓരോ റയല്‍ ആരാധകന്‍റെ ഹൃദയത്തിലും ആ ചരിത്രം എന്നെന്നും നിലനില്‍ക്കുമെന്ന് റൊണാള്‍ഡോ കുറിച്ചു. തന്‍റെ ക്ളബ് മാറ്റത്തെകുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പലരും പറയുന്നുണ്ടെന്നും പക്ഷെ ഇവരാരും സത്യം എന്തെന്ന് കണ്ടെത്താന്‍ ശ്രമിക്കാറില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.