അപകടകരമായി ബസ് ഓടിച്ചുവെന്ന് ആരോപിച്ച് മേയറും കെ. എസ്.ആര്‍. ടി.സി ഡ്രൈവറും തമ്മില്‍ വാക്കേറ്റം

Top News

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റം. അപകടകരമായി ബസ് ഓടിച്ചുവെന്ന് ആരോപിച്ച് മേയറും സംഘവും ബസ് തടഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതിയില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയര്‍ സഞ്ചരിച്ചിരുന്ന കാറിന് സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് കേസില്‍ അവസാനിച്ചത്. തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.
പാളയത്ത് ബസ് നിര്‍ത്തിയപ്പോഴാണ് മേയറും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ ബസിനു കുറുകെ നിര്‍ത്തിയത്. പട്ടം പ്ലാമ്മൂട് ഭാഗത്തുവച്ച് ബസ് മേയറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിക്കുന്ന തരത്തില്‍ എത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്.
അപകടകരമായാണ് ബസ് ഓടിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ബസ് സൈഡ് നല്‍കാത്തതിനെ മേയര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്തു. ഇത് വലിയ തര്‍ക്കമായി. മേയറിനൊപ്പം ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ഉണ്ടായിരുന്നു.
തുടര്‍ന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസില്‍ മേയര്‍ പരാതി നല്‍കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ജാമ്യത്തില്‍ വിട്ടയച്ചു. ബസിന് കുറുകെ വാഹനമിട്ട് ട്രിപ്പിന് തടസ്സം വരുത്തിയെന്നു കാണിച്ച് ഡ്രൈവര്‍ യദുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *