കോഴിക്കോട്:കാരപ്പറമ്പ് ആശിര്‍വാദ് ലോണ്‍സ് ഓഡിറ്റോറിയംവളപ്പില്‍ രാത്രിയില്‍ പരിസരവാസികളെ അപകടഭീതിയിലാക്കും വിധവും അന്തരീക്ഷമലിനീകരണത്തിനിടയാക്കും വിധവും പടക്കം പൊട്ടിച്ച സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് നടപടിയെടുത്ത് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശിച്ചു. ഈ മാസം 25 നാണ് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മനുഷ്യാവകാശ കമ്മീഷന്‍റെ സിറ്റിംഗ്.കാരപ്പറമ്പ് ഒതയമംഗലം റോഡില്‍ ബെതിസ്നോയില്‍ താമസിക്കുന്ന ഗീവര്‍ഗീസ് പോള്‍, ആശിര്‍വാദ് ലോണ്‍സ് ഓഡിറ്റോറിയം ഉടമ സി.വി.ബാലനെതിരെ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.
ഇക്കഴിഞ്ഞ ആറാം തീയതി ഓഡിറ്റോറിയം വളപ്പില്‍ രാത്രി 10.23 മുതല്‍ തുടര്‍ച്ചയായ 20 മിനിറ്റോളം പടക്കം പൊട്ടിച്ചതാണ് പരാതിക്കടിസ്ഥാനം. ഓഡിറ്റോറിയത്തിലെ അടുക്കളയിലും റസ്റ്റോറന്‍റിലും എഴുപതോളം എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരിക്കെയാണ് അപകടകരമായി പടക്കം പൊട്ടിച്ചത്.ഇത് വന്‍ അപകടത്തിനിടയാക്കുമെന്നും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ അസമയത്ത് പടക്കം പൊട്ടിക്കുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും പരാതിയില്‍ പറയുന്നു.