ചെന്നൈ: തമിഴ്നാടിനെതിരെ വ്യാജ പ്രചരണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തില്‍ വീഡിയോ ദൃശ്യമടക്കം പ്രചരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ആഹ്വാനം നടത്തിയതിന് പിന്നാലെയാണ് വ്യാജ പ്രചരണത്തിന് തുടക്കമായതെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു.
വിഷയത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയെന്നും തമിഴ്നാട്ടിലെ ബിഹാറി തൊഴിലാളികളുടെ സുരക്ഷയില്‍ സംതൃപ്തനാണെന്നും സ്റ്റാലിന്‍ അറിയിച്ചു. ഡിഎംകെ നേതാവ് ടി ആര്‍ ബാലുവും സമാന വിഷയത്തില്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ് ച നടത്തിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി തമിഴ്നാട് രൂപീകരിച്ച ക്ഷേമ പദ്ധതികളെക്കുറിച്ച് നിതീഷ് കുമാറിനെ ബോധവാനാക്കിയതായി ടി ആര്‍ ബാലു അറിയിച്ചിരുന്നു.അതേസമയം ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തമിഴ്നാടില്‍ തെരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ജീവനെ ഭയന്ന് നിരവധി അന്യ സംസ്ഥാന തൊഴിലാളികള്‍ തമിഴ്നാട് വിടുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമം വഴി വീഡിയോ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.