അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെക്കൊണ്ടുവരാനുള്ള ശ്രമത്തെ വായനയിലൂടെ പ്രതിരോധിക്കണം: മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും സമൂഹത്തിലേക്കു തിരികെക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ പ്രതിരോധിക്കാന്‍ വായനയിലൂടെ ആര്‍ജിക്കുന്ന വിജ്ഞാനം ഒഴിച്ചുകൂടാനാകാത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എന്‍. പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാവരണം ചെയ്യുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അറിവിന്‍റെ സാര്‍വത്രിക വിതരണം നടപ്പാക്കുകവഴി സമൂഹത്തേയും വ്യക്തിയേയും നവീകരിക്കാന്‍ സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ ആശയം കൂടുതല്‍ കരുത്തോടെ നടപ്പാക്കേണ്ട ഘട്ടമാണിത്. കേരളത്തിന്‍റെ പുരോഗമനത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുടെ സ്വാധീനം വലുതാണ്. സമത്വത്തിലും സാഹോദര്യത്തിലുമൂന്നിയ കാഴ്ചപ്പാട് സമൂഹത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഗ്രന്ഥശാലകള്‍ വലിയ പങ്കുവഹിച്ചു. ഈ കാഴ്ചപ്പാടാണു ദേശീയ പ്രസ്ഥാനങ്ങള്‍ക്കും നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും കരുത്തുപകര്‍ന്നത്.
ശാസ്ത്രാവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കേണ്ടതിന്‍റെ ആവശ്യകത ഭരണഘടനതന്നെ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഈ ആശയം തലമുറകളിലേക്കു പകര്‍ന്നുനല്‍കാനുള്ള ഉപാധിയെന്ന നിലയാണു വായന പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. വായനയുടെ ഘടനതന്നെ മാറിമറിയുന്ന കാലഘട്ടമാണിത്. പുസ്തകങ്ങളിലൂടെ പേജ് മറിച്ചാണു മുന്‍പു വായിച്ചിരുന്നതെങ്കില്‍ ഇന്ന് അത് ഇരൂപത്തിലേക്കു മാറി. യാത്രകളില്‍ പുസ്തകങ്ങള്‍ കൊണ്ടുനടക്കുന്ന രീതിക്കു വിരാമമായി. വിവരങ്ങള്‍ പുസ്തകങ്ങളായും വാര്‍ത്തകളായും നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. ഇറീഡിങ്ങിനെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു.
വൈജ്ഞാനിക സമൂഹമെന്ന ലക്ഷ്യത്തിലേക്കു കേരളം നീങ്ങുകയാണ്. അറിവിന്‍റെ സാര്‍വത്രക വിതരണമാണു ലക്ഷ്യംവയ്ക്കുന്നത്. ഇതിനു സര്‍ക്കാര്‍ നിരവധി പദ്ധകള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന് സര്‍വകലാശാലകള്‍ക്കു പുറമേ അനൗപചാരിക മാര്‍ഗങ്ങള്‍കൂടി അവലംബിക്കണം. ഇതില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു വലിയ പങ്കുവഹിക്കാനകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *