കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍മാര്‍ക്കെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി.
ഗവര്‍ണര്‍ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസില്‍ അന്തിമഉത്തരവ് വരുന്നതുവരെ നടപടിപാടില്ലെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവിട്ടത്.
എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറുപടി സത്യവാങ്മൂലം നല്‍കാന്‍ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പഴ്സണല്‍ ഹിയറിങ്ങിന് ഗവര്‍ണറുടെ മുന്നില്‍ പോകണോയെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചത്. സാങ്കേതിക സര്‍വകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മറ്റു സര്‍വ്വകലാശാല വിസിമാര്‍ രാജി വയ്ക്കണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടത്. അതിനുപിന്നാലെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.എന്നാല്‍ യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം. സുപ്രീംകോടതിവിധി സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനത്തിനു മാത്രമാണ് ബാധകമെന്നും ചാന്‍സലര്‍മാര്‍ കോടതിയെ ബോധിപ്പിച്ചു.