തൃശൂര്‍:അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള സെപ്തംബര്‍ എട്ടുമുതല്‍ 10 വരെ തൃശൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎഫ്എഫ്ടിയും ഭാരതീയ വി ദ്യാഭവനും മണപ്പുറം ഗ്രൂപ്പും സംയുക്തമായി എഫ്എഫ്എസ്ഐ കേരളം, കെഎസ്എഫ്ഡിസി, കേരള ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 15 രാജ്യങ്ങളില്‍നിന്നുള്ള സിനിമകള്‍ സമകാലിക ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. ശോഭ സിറ്റിയിലെ ഐനോക്സിലും തൃശൂര്‍ ഭവന്‍സ് ഓഡിറ്റോറിയത്തിലുമാണ് പ്രദര്‍ശനം. 55 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 300രൂപയും മറ്റുള്ളവര്‍ക്ക് 500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിവിധ വിഷയങ്ങളില്‍ സെമിനാറും പ്രഭാഷണവുമുണ്ടാകും.
കുട്ടികള്‍ നിര്‍മിച്ച സിനിമകളുടെ മത്സരവിഭാഗത്തില്‍ 14 ഷോര്‍ട്ട് ഡോക്യുമെന്‍ററികള്‍ മത്സരിക്കും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഗാന്ധി ആന്‍ഡ് കോ, ഔര്‍ ഹോം, ഗുത് ലി ലഡു, ഒറ്റാല്‍, താജ്മല്‍, ലിറ്റില്‍ സാമുവല്‍ എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സമകാലിക മലയാള സിനിമാവിഭാഗത്തില്‍ ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച പല്ലൊട്ടി, കാടകലം, നാനി, ബൊണാമി, മോമോ ഇന്‍ ദുബായ് എന്നീ സിനിമകളും പ്രദര്‍ശിപ്പിക്കും. മാസ്റ്റേഴ്സ് ആന്‍ഡ് ക്ലാസിക് വിഭാഗത്തില്‍ കുമ്മാട്ടി, ബൈസിക്കിള്‍ തീവ്സ്, ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍, ദി കിഡ് തുടങ്ങിയ പത്ത് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ സുധീഷ് ശിവശങ്കരന്‍റെ ഷെയ്ഡ്, സ്റ്റുഡന്‍റ് ശ്രീരാഗ് പൊയ്കയില്‍ മാജിക് പ്ലേറ്റ്, റാഫി നീലങ്കാവിലിന്‍റെ മേരിമോളുടെ കണ്ടല്‍ ജീവിതം എന്നിവ പ്രദര്‍ശിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വി.ബിന്ദു, ജനറല്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ജോസഫ്, ഡോ. കെ.കെ.അബ്ദുള്ള, ഉണ്ണികൃഷ്ണന്‍, എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.