തേഞ്ഞിപ്പലം:കലിക്കറ്റ് സര്‍വകലാശാല അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. ക്യാമ്പസില്‍ ചേര്‍ന്ന ഫിക്സ്ചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശൂര്‍ കേരളവര്‍മ കോളേജിലും വനിതാ മത്സരം കോഴിക്കോട് ജെഡിടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം കോഴിക്കോട് ദേവഗിരിയിലും വനിതകളുടേത് സെന്‍റ് ജോസഫ്സ് ഇരിഞ്ഞാലക്കുടയിലും നടക്കും. ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും. ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ ക്യാമ്പസിലും വനിതകളുടേത് കൊടകര സഹൃദയ കോളേജിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ആഗസ്തില്‍ ആരംഭിക്കും. ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്‍റ്, സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനംചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് പിരിച്ചെടുക്കുന്ന സ്പോര്‍ട്സ് അഫിലിയേഷന്‍ ഫീസ് യഥാസമയം സര്‍വകലാശാലയില്‍ ഒടുക്കുന്നതിന് നടപടി വേണമെന്നും വി സി ആവശ്യപ്പെട്ടു. കോളേജുകളുടെകൂടി കായികമേഖലാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. 2019-20 അധ്യയന വര്‍ഷത്തില്‍മാത്രം ഈ ഇനത്തില്‍ സര്‍വകലാശാലക്ക് 5.67 കോടി രൂപയോളം ലഭിക്കാനുണ്ട്. കായിക വകുപ്പിനായി തയ്യാറാക്കിയ ഹാന്‍ഡ് ബുക്ക് വൈസ് ചാന്‍സലര്‍ പ്രകാശിപ്പിച്ചു. യോഗത്തില്‍ കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. ഫിനാന്‍സ് ഓഫീസര്‍ എന്‍.എ. അബ്ദുള്‍ റഷീദ്, ഡയറക്ടര്‍ ഡോ. കെ.പി.മനോജ്, കായികാധ്യാപക സംഘടനാ ഭാരവാഹികളായ ഡോ. ഹരിദയാല്‍, ഡോ. ഷിനു, അസി. രജിസ്ട്രാര്‍ ആരിഫ എന്നിവര്‍ സംസാരിച്ചു.