ആഭരണങ്ങള്‍ വില്ക്കാന് ഇടനിലക്കാരനായി നിന്ന ആളാണ് പിടിയിലായത
പേരാമ്പ്ര: വാളൂരില്‍ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ ഒരാള്‍ കൂടി പിടിയില്‍. അനുവിന്റെ ആഭരണങ്ങള്‍ വില്ക്കാന് ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്മാന് ആഭരണങ്ങള്‍ വില്‍ക്കാനായി അബൂബക്കറെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ ആഭരണം വില്ക്കാന് സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
ഭര്‍ത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്മാനെ (49) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
മാര്‍ച്ച് 11 തിങ്കളാഴ്ച പുലര്‍ച്ചെ മട്ടന്നൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. വാളൂര്‍ റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്കു നിര്‍ത്തി നില്ക്കുന്ന സമയത്താണ് അനു ഫോണ്‍ ചെയ്ത് ധൃതിയില്‍ പോവുന്നത് ശ്രദ്ധയില്‍പെടുന്നത്. ഫോണ്‍ സംസാരത്തില്‍ നിന്നും മറ്റാരോ കാത്തു നില്‍ക്കുന്നതായും തനിക്ക് വാഹനമൊന്നും കിട്ടിയില്ലെന്ന് പറയുന്നതും കേട്ട മുജീബ് ബൈക്കുമെടുത്ത് അനുവിനരികില്‍ എത്തുകയായിരുന്നു.
മുളിയങ്ങീലേക്കാണെങ്കില്‍ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ഇയാളുടെ പുറകില്‍ കയറി. അനുവുമായി വാളൂര്‍ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്കു സമീപത്തെ അള്ളിയോറതാഴ തോടിന് സമീപമെത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്നറിയിച്ച് വണ്ടി നിര്‍ത്തി മുജീബ് ഇറങ്ങി. ബൈക്കില്‍ നിന്ന് യുവതിയും ഇറങ്ങിയതോടെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയില്‍ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ഏറെ നേരം യുവതിയുടെ ദേഹത്ത് ചവിട്ടിനിന്ന് മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങള്‍ കവര്‍ന്നത്.
തുടര്‍ന്ന് ബൈക്കില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇന്‍സ്പക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെക്കുടുന്നതിന് പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
മല്‍പ്പിടുത്തത്തിനിടെ സിവില്‍ പൊലീസ് ഓഫിസര്‍ സുനില്‍ കുമാറിന്റെ കൈയ്ക്ക് കുത്തേറ്റു.പ്രതി ഉപയോഗിച്ച ബൈക്ക് എടവണ്ണപ്പാറയില്‍ നിന്നാണ് കണ്ടെത്തിയത്. തെളിവെടുപ്പില്‍ എടവണ്ണപ്പാറ ജംഗ്ഷനില്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു ബൈക്ക്. പ്രതി ധരിച്ചിരുന്ന കോട്ടും ബൈക്കില്‍ നിന്നും കണ്ടെത്തി. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 58 ഓളം കേസുകള്‍ ഇയാളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.