തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചു.അനുരാഗ് ഠാക്കൂറിനെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷന്‍റെകഴിവിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു.
തന്‍റെ നേതാവ് നരേന്ദ്രമോദിയുടെ പാത പിന്തുടര്‍ന്ന് ഏപ്രില്‍ 21 ന് രാജസ്ഥാനില്‍ നടന്ന യോഗത്തില്‍ മോദി പറഞ്ഞ അതേ നുണകള്‍ തന്നെയാണ് ഇപ്പോള്‍ അനുരാഗ് ഠാക്കൂര്‍ ആവര്‍ത്തിക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ കൂടുതല്‍ നേതാക്കള്‍ ഇപ്പോള്‍ മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷം വളര്‍ത്താനും മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉപയോഗിക്കാനും ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
ഇത്തരം ലംഘനങ്ങള്‍ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ വിസമ്മതിച്ചതില്‍ ഖേദമുണ്ട്. പരാതികളുടെ കുത്തൊഴുക്കിന് ശേഷമാണ് ബി.ജെ.പിക്ക് നോട്ടീസ് അയക്കുന്നത് വിവേകമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുയോഗത്തില്‍ സംസാരിക്കവേ ഠാക്കൂര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അനുരാഗ് ഠാക്കൂറിനും ബി.ജെ.പി അധ്യക്ഷനും ഉടന്‍ നോട്ടീസ് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് അഭ്യര്‍ഥിക്കുന്നുവെന്നും കാലതാമസം കൂടാതെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.