അനീഷ് ജോര്‍ജ് കൊലപാതകം; നിര്‍ണായക ഫോണ്‍കോള്‍ രേഖകള്‍ പുറത്ത്

Kerala

തിരുവനന്തപുരം: പേട്ടയില്‍ 19കാരന്‍ അനീഷ് ജോര്‍ജ് കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകം ആസൂത്രിത മാണെന്ന ആരോപണമുയരുന്നതിനിടെ നിര്‍ണായക ഫോണ്‍കോള്‍ രേഖകള്‍ പുറത്ത്.
കൊല്ലപ്പെട്ട അനീഷിന്‍റെ അമ്മയുടെ ഫോണിലേക്ക് പെണ്‍ സുഹൃത്തിന്‍റെ അമ്മയുടെ ഫോണില്‍ നിന്നും കോള്‍ വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.പുലര്‍ച്ചെ 3.20നാണ് അനീഷിന്‍റെ അമ്മയുടെ ഫോണിലേക്ക് പെണ്‍സുഹൃത്തിന്‍റെ അമ്മയുടെ ഫോണില്‍ നിന്ന് ഒരു മിസ്ഡ് കോള്‍ വന്നത്. ഇതിന് ശേഷമാണ് അനീഷ് പെണ്‍സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നത്. പോലീസ് വ്യക്തമാക്കുന്നതനുസരിച്ച് അനീഷ് കൊല്ലപ്പെടുന്നത് 3.30നാണ്. തന്‍റെ ഫോണുമായാണ് അനീഷ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്ന് അനീഷിന്‍റെ അമ്മ പറയുന്നു.
3.30ന് അനീഷ് കൊല്ലപ്പെട്ടെങ്കിലും പുലര്‍ച്ചെ 4.22, 4.26, 4.27 എന്നീ സമയങ്ങളിലൊക്കെ അനീഷിന്‍റെ അമ്മയുടെ ഫോണിലേക്ക് കോളുകള്‍ വരുന്നുണ്ടായിരുന്നു. ഇത് അനീഷിന്‍റെ വീട്ടില്‍ നിന്ന് വിളിച്ചതാണെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. അനീഷിന്‍റെ അമ്മയാണ് വിളിച്ചത്. ഫോണ്‍ എടുത്ത പെണ്‍സുഹൃത്തിന്‍റെ അമ്മ, അനീഷിന്‍റെ അമ്മയോട് പോലീസ് സ്റ്റേഷനിലേക്ക് പോകാനും മറ്റൊന്നും തങ്ങള്‍ക്ക് അറിയില്ല എന്നും മറുപടി പറയുകയായിരുന്നു. പോലീസിന്‍റെ പക്കലായിരുന്ന ഫോണ്‍ ഇന്നലെയാണ് അനീഷ് ജോര്‍ജിന്‍റെ കുടുംബത്തിന് ലഭിച്ചത്.
ഇതിന് ശേഷമാണ് ഫോണ്‍ രേഖകള്‍ പുറത്തുവിട്ടത്.പ്രതിയായ സൈമണ്‍ ലാലന്‍ അനീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്നും ഇവരുടെ കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നുവെന്നും കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്‍റെ മാതാവ് പറഞ്ഞിരുന്നു.ചൊവ്വാഴ്ച പെണ്‍കുട്ടിയും സഹോദരങ്ങളും അമ്മയും അനീഷിനൊപ്പം ലുലുമാളില്‍ പോയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പോലീസ് വീട്ടില്‍ വന്നപ്പോളാണ് കൊലപാതകവിവരം അറിയുന്നത്. പിന്നീട് അനീഷിന്‍റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍നിന്ന് കോള്‍ വന്നതായി കണ്ടു.
ഈ ഫോണ്‍കോള്‍ വന്നതിനാലാകും മകന്‍ അവിടേക്ക് പോയതെന്നും ഡോളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫോണ്‍ രേഖകളും പുറത്തുവന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *