അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മന്ത്രി പൊന്‍മുടിക്ക് തടവ് ശിക്ഷ

Top News

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി പൊന്‍മുടിക്ക് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി. മൂന്ന് വര്‍ഷം തടവും 50ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. പൊന്‍മുടിയുടെ ഭാര്യ പി. വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. 2006-2011 കാലയളവില്‍ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പൊന്മുടി സമ്പാദിച്ചെന്നാണ് കേസ്. ഹൈക്കോടതി വിധിയോടെ പൊന്‍മുടി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാകും. മന്ത്രിസ്ഥാനവും നഷ്ടമാകും.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദന കേസില്‍ പൊന്മുടിയെ നേരത്തെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 2017ല്‍ വിചാരണക്കോടതി വിധിക്കെതിരെ എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിന്‍റെ കാലത്ത് വിജിലന്‍സ് നല്‍കിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം. മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പൊന്മുടിക്ക് ഹൈക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ ശിക്ഷാ വിധി നടപ്പിലാക്കുന്നതില്‍ കോടതി സ്റ്റേ നല്‍കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം, സാമ്പത്തിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട നിയമസഭാംഗത്തിന് ശിക്ഷിച്ച തീയതി മുതല്‍ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കണം എന്നാണ് നിയമം. ശിക്ഷ ഒഴിവാക്കുകയോ ശിക്ഷ സ്റ്റേ ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്താല്‍ മാത്രമേ അയോഗ്യത ഒഴിവാക്കാനാകൂ. നിലവിലെ കേസിന് പുറമെ ഗതാഗത മന്ത്രിയായിരിക്കെയുള്ള മറ്റൊരു അനധികൃത സ്വത്ത് സമ്പാദനക്കേസ് കൂടി പൊന്മുടി നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *