ജയ്പൂര്‍: ഭരത്പൂരില്‍ അനധികൃത ഖനനത്തിന് എതിരെ സമരം ചെയ്യുന്ന സന്യാസിമാരില്‍ ഒരാള്‍ സ്വയം തീകൊളുത്തിയതിനെ ചൊല്ലി രാജസ്ഥാനില്‍ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. ഖനന മാഫിയയെ പിന്തുണയ്ക്കുന്ന അശോക് ഗെഹ്ലോട്ട് സര്‍ക്കാരാണ് സംഭവത്തിന് ഉത്തരവാദി എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. അടിയന്തര അവലോകന യോഗം വിളിച്ച ഗെഹ്ലോട്ട്, അനധികൃത ഖനന മാഫിയക്കെതിരെ ശക്തമായ നടപടിക്ക് നിര്‍ദേശിച്ചു. സ്വയം തീ കൊളുത്തിയ സന്യാസി ജയ്പൂരില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സന്യാസി ചികിത്സയിലുള്ള ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂണിയയും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. 551 ദിവസമായി നടക്കുന്ന സന്യാസി സമരം കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാരാണ് സംഭവത്തിന് ഉത്തരവാദി എന്ന് ഇരുവരും ആരോപിച്ചു. മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി.
പ്രതിഷേധം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടിയന്തര യോഗം വിളിച്ചു. ഖനന മാഫിയക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഖനനം നിര്‍ത്തി വച്ചിട്ടുണ്ട്. അനധികൃത ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഭര്തപൂരിലെ ഇരട്ടമലകളായ കങ്കാചല്‍, ആദിബദ്രി എന്നിവിടങ്ങളിലെ ഖനനം അനധികൃമല്ലെന്ന് ജില്ലാ ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നീക്കം എത്രത്തോളം ഫലം കാണുമെന്ന ആശങ്കയുണ്ട്.അതേസമയം സ്വയം തീ കൊളുത്തിയതിനെ തുടര്‍ന്ന് എണ്‍പത് ശതമാനം പൊള്ളലേറ്റ നാരായണ്‍ ദാസ് എന്ന സന്യാസിയുടെ നില മാറ്റമില്ലാതെ ടതുരുകയാണ്. പ്രതിഷേധം നടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അല്‍പം മാറി നിന്നിരുന്ന വിജയ് ദാസ് സ്വന്തം ശരീരത്തില്‍ തീ കൊളുത്തിയത്. ഉടന്‍ പൊലീസുകാര്‍ ഓടിയെത്ത് ബ്ലാങ്കറ്റും മറ്റും ഉപയോഗിച്ച് തീ കെടുത്തി. ഭരത്പൂരിലെ ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ എത്തിച്ചെങ്കിലും ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഭരത്പൂര്‍ ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.സമരം നടത്തുന്ന സന്യാസിമാരില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. അനധികൃത ഖനനം തടയാന്‍ നടപടി എടുക്കാതെ താഴേക്ക് ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് അപ്രതീക്ഷിതമായി വിജയ് ദാസ് സ്വയം തീ കൊളുത്തിയത്.