അധ്യാപകരെ ടീച്ചര്‍ എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

Top News

തിരുവനന്തപുരം: ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’എന്ന് അഭിസംബോധന ചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ ശിപാര്‍ശ.അധ്യാപകരെ ആദരസൂചകമായി അഭിസംബോധന ചെയ്യാന്‍ അനുയോജ്യമായ പദം ‘ടീച്ചറാ’ണ്. ഈ നിര്‍ദേശം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നല്‍കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കമീഷന്‍ ഉത്തരവ് നല്‍കി. ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍, അംഗം സി. വിജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.നവസമൂഹനിര്‍മിതിക്ക് നേതൃത്വം നല്‍കുന്നവരും നന്മയുള്ള ലോകത്തെ സൃഷ്ടിക്കുന്നവരുമാണ് ടീച്ചര്‍മാര്‍. അതിനാല്‍ സര്‍, മാഡം തുടങ്ങിയ ഒരു പദവും ‘ടീച്ചര്‍’പദത്തിനോ അതിന്‍റെ സങ്കല്‍പത്തിനോ തുല്യമാകുന്നില്ല. ‘ടീച്ചര്‍’ എന്ന പദം ഉപയോഗിക്കുന്നതിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുള്ള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയും.
കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും സ്നേഹപൂര്‍ണമായ ഇടപെടലിലൂടെ ഉയരങ്ങള്‍ കീഴടക്കുന്നതിന് പ്രചോദനം നല്‍കാനും എല്ലാ ടീച്ചര്‍മാരും സേവനസന്നദ്ധരാകണം. ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ആക്റ്റിലെ 15ാം വകുപ്പ് പ്രകാരമാണ് കമീഷന്‍ ശിപാര്‍ശ പുറപ്പെടുവിച്ചത്. ശിപാര്‍ശയില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം ലഭ്യമാക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *