ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ പുറപ്പെടുവിച്ച സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യത്തില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വ്യക്തിപരമായി പരാതിയുള്ളവര്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനി അഥവാ സര്‍ക്കാരാണ് സമീപിക്കുന്നതെങ്കില്‍ പത്ത് ദിവസത്തിനകം ട്രിബ്യൂണല്‍ തീരുമാനമെടുക്കണം. ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാരും ഏതാനും അധ്യാപകരും നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.പൊതു സ്ഥലംമാറ്റം പരിഗണിക്കുമ്പോള്‍ മാതൃജില്ല, സമീപ ജില്ല എന്നിവ ഒഴിവാക്കി ഔട്ട് സ്റ്റേഷന്‍ ഡ്യൂട്ടിക്കു മതിയായ മുന്‍ഗണന നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിക്കാതെയായിരുന്നു പൊതു സ്ഥലംമാറ്റ ഉത്തരവ് വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ചത്. ഇതിനിടെ സ്ഥലം മാറ്റത്തിന് കാരണം ഭരണാനുകൂല അധ്യാപകസംഘടനയുടെ സമ്മര്‍ദ്ദമാണെന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസംഗവും വിവാദമായി.