ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ ‘മഹാരാജ്’ പരാമര്‍ശത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.തന്‍റെ പേര് മഹാരാജ് എന്നല്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ എന്നാണെന്നും മന്ത്രി തുറന്നടിച്ചു.ലോക്സഭയിലെ ചോദ്യോത്തര വേളയില്‍ പശ്ചിമ ബംഗാളിലെ ചില വിമാനത്താവള പദ്ധതികളെക്കുറിച്ചു ചോദിക്കുന്നതിനിടെ ചൗധരി വ്യോമയാന വകുപ്പ് മന്ത്രിയായ ജ്യോതിരാദിധ്യ സിന്ധ്യയെ രണ്ടു തവണ ‘മഹാരാജ്’ എന്ന് അഭിസംബോധന ചെയ്തിരുന്നു. “ഒരു ‘മഹാരാജ്’ മന്ത്രിയും മറ്റൊരു ‘മഹാരാജ്’ എയര്‍ ഇന്ത്യയുമാണ് എന്നതാണ് കാര്യം. ഇപ്പോള്‍ സ്വകാര്യവത്ക്കരണം നടന്നുകൊണ്ടിരിക്കുകയാണ്” എന്നാണ് ചൗധരി ചോദ്യത്തിനിടെ പറഞ്ഞത്. കോണ്‍ഗ്രസുമായുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് 2020ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന സിന്ധ്യയ്ക്ക് നേരെയുള്ള ഒളിയമ്ബു കൂടിയായിരുന്നു ഇത്.ചോദ്യത്തിനു മറുപടിയായി ആദ്യം സിന്ധ്യ അധിര്‍ ചൗധരിക്ക് നന്ദി പറഞ്ഞു, തുടര്‍ന്ന് തന്‍റെ പേര് ‘മഹാരാജ്’ അല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.”എന്‍റെ പേര് ജ്യോതിരാദിത്യ സിന്ധ്യ എന്നാണെന്ന് അദ്ദേഹത്തെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരുപക്ഷേ, അദ്ദേഹത്തിന് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടാകാം, എന്‍റെ ഭൂതകാലത്തെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുക. പക്ഷെ ഞാന്‍ അദ്ദേഹത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു” സിന്ധ്യ കൂട്ടിച്ചേര്‍ത്തു. സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട പ്രോജക്ട് ഫയലുകളുടെ അംഗീകാരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വൈകിപ്പിക്കുന്നുവെന്ന് ഞായറാഴ്ച സിന്ധ്യ ആരോപിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ വികസനം ഉറപ്പാക്കാന്‍ ഫയലുകള്‍ വേഗത്തില്‍ നീക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയോട് അഭ്യര്‍ഥിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭൂമി നല്‍കാത്തിടത്തോളം, പുതിയ വിമാനത്താവളം എങ്ങനെ തുടങ്ങും അദ്ദേഹം ചോദിച്ചു. ബാഗ്ഡോഗ്ര, ഹസിമാര, കലൈകുന്ദ വിമാനത്താവളങ്ങളുടെ കാര്യത്തിലും ഇതേ സ്ഥിതി തുടരുകയാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.