അധിക്ഷേപ പരാമര്‍ശം; സത്യഭാമയെ തള്ളി കലാമണ്ഡലം

Top News

. ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി മന്ത്രിമാരും സാംസ്കാരിക കേരളവും

തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധം സംസാരിച്ചതില്‍ കലാമണ്ഡലം സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയുംകലാമണ്ഡലം അപലപിച്ചു. വിസിയും രജിസ്ട്രാറും വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സത്യഭാമയുടേത് പരിഷ്കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവന, സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമാണെന്നും കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍.എല്‍.വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷന്‍ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ് എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് സത്യഭാമയുടെ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചത്.കലാമണ്ഡലം സത്യഭാമയുടെ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സത്യഭാമ ആര്‍.എല്‍. വി രാമകൃഷ്ണനോട് മാപ്പ്ചോദിക്കണം.കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്‍റെ പേര് കൂടെ ചേര്‍ക്കാന്‍ പോലും ഇത്തരം സങ്കുചിത ചിന്തകളും കൊണ്ട് നടക്കുന്നവര്‍ക്ക് യോഗ്യതയില്ല. മന്ത്രി പറഞ്ഞു.
മന്ത്രി വി.ശിവന്‍കുട്ടി ആര്‍.എല്‍.വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തി. ‘കറുപ്പ് താന്‍ എനക്ക് പുടിച്ച കളറ്…’ എന്നാണ് വി.ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. രാമകൃഷ്ണനെ പിന്തുണച്ച് മന്ത്രി ആര്‍. ബിന്ദു . രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ച കമന്‍റിലാണ് അധിക്ഷേപത്തിനെതിരെ മന്ത്രി ബിന്ദു പ്രതികരിച്ചത്.പുഴുക്കുത്ത് പിടിച്ച മനസുള്ളവര്‍ എന്തും പറയട്ടെ എന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ മോഹിനിയാട്ടത്തിന്‍റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനനായ കലാകാരനാണെന്നും മന്ത്രി ബിന്ദു ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *