നാഗ്പൂര്‍:കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന നിലപാട് വീണ്ടും പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് നാഗ്പൂരില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി എല്ലാ മേഖലകളിലും കൈ കടത്തുകയാണ്. വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങള്‍. പ്രത്യശാസ്ത്രത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ സ്വാതന്ത്യത്തിന് മുന്‍പുള്ള രാജഭരണം നിലനിന്ന ഇന്ത്യയിലേക്ക് കൊണ്ടുപോവാന്‍ ബി.ജെ.പി ശ്രമിക്കുന്നു. എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടന്ന, ബ്രിട്ടീഷ് ഭരണം നിലനിന്ന സ്ഥാനത്ത് ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ കൈയ്യിലേക്ക് അധികാരം നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അന്ന് അതിനെ എതിര്‍ക്കുന്ന നിലപാടായിരുന്നു ബി.ജെ.പിയും ആര്.എസ്.എസും സ്വീകരിച്ചത്. ഇപ്പോള്‍ എല്ലാ ഉത്തരവുകളും മുകളില്‍ നിന്ന് വരുന്ന സ്ഥിതിയാണ്. പ്രധാനമന്ത്രി ആരെയും കേള്‍ക്കുന്നില്ല. അവരുടെ പ്രത്യയശാസ്ത്രം രാജഭരണത്തിന്റേതാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.