മുംബൈ: അദാനി ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ഒസിസിആര്‍പി റിപ്പോര്‍ട്ട് (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ട് ) പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്തുകൊണ്ട് ഗൗതം അദാനിക്കെതിരെ അന്വേഷണമില്ലെന്ന് അദ്ദേഹം ചോദിച്ചു. അദാനിക്കെതിരായ തെളിവുകളില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിക്കെതിരായ പത്രവാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുലിന്‍റെ പരാമര്‍ശം.
പാശ്ചാത്യ മാധ്യമങ്ങള്‍ അദാനിക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നു. അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടിയാണ്. ജി 20 യോഗം നടക്കാനിരിക്കെ പുറത്തുവന്ന റിപ്പോര്‍ട്ട് രാജ്യത്തിന്‍റെ പ്രതിച്ഛായ തകര്‍ത്തു. എന്തുകൊണ്ട് അദാനിക്ക് മാത്രം സംരക്ഷണം ലഭിക്കുന്നു. വ്യാജപേരില്‍ അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച പണം ആരുടേതാണ്. ചൈനീസ് ബന്ധവും നിക്ഷേപത്തിന് പിന്നിലുണ്ട്. വിദേശപൗരന്മാര്‍ എന്തിന് അദാനിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചു. രണ്ട് വിദേശപൗരന്മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഒരാള്‍ നാസിര്‍ അലി ഷബാന്‍, രണ്ടാമത്തെയാള്‍ ചാങ് ചുങ് ലിങ്. ഇന്ത്യയുടെ താല്പര്യം എന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്‍ ഇതിലെങ്ങനെ വന്നു. ഇതില്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ പങ്ക് എന്താണ്- രാഹുല്‍ പറഞ്ഞു.
ഇഡിയും സിബിഐയും അദാനിക്കെതിരെ അന്വേഷണം നടത്താത്തതിന് കാരണമെന്താണ്. ജെപിസി അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്നും രാഹുല്‍ പറഞ്ഞു.നിഴല്‍ കമ്പനികള്‍ വഴി അദാനി വിദേശത്തേക്ക് പണമൊഴുക്കിയെന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ വലിയ തട്ടിപ്പ് നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലെ ആരോപണം.
റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഇടിഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച അദാനിഗ്രൂപ്പ് പ്രതികരിച്ചത്, കരുതിക്കൂട്ടിയുള്ള ആക്രമണമാണ് തങ്ങള്‍ക്കെതിരായ ആരോപണമെന്നാണ്. ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമമെന്നും കമ്പനി പ്രതികരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഒസിസിആര്‍പിക്ക് അമേരിക്കന്‍ വ്യവസായിയും മോദി വിമര്‍ശകനുമായ ജോര്‍ജ് സോറോസുമായി ബന്ധമുണ്ടെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.
