കൊച്ചി: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കാലംചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കൊച്ചിയില്‍ എത്തിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് ഭൗതിക ശരീരം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്കു പുറപ്പെട്ടു. ആലപ്പുഴ വഴിയാണ് വിലാപയാത്ര. രാത്രി സഭാ ആസ്ഥാനത്തെത്തി. 200 കാറുകളുടെ അകമ്പടിയോടെയാണ് വിലാപയാത്ര.
തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ബിലീവേഴ്സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പൊതുദര്‍ശനം. തുടര്‍ന്ന് 11 മണിയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാരം. മേയ് ഏഴിന് അമേരിക്കയിലുണ്ടായ വാഹനാപകടത്തിലായിരുന്നു വിയോഗം. പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായ പരുക്കിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേല്‍, സാറ എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു.