അതീഖ് സഹോദരന്മാരുടെ കൊലപാതകം; പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Latest News

ലഖ്നൗ : മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ അതീഖ് അഹമ്മദ്, സഹോദരന്‍ അഷറഫ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.പ്രയാഗ് രാജിലെ ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. അതീഖിന്‍റെയും സഹോദരന്‍റെയും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
അതീഖിന്‍റെ കൊലപാതകഅന്വേഷണത്തില്‍ ജൂഡീഷ്യല്‍ കമ്മീഷന് നേതൃത്വം നല്‍കുക മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി അരവിന്ദ് കുമാര്‍ ത്രിപാഠി, റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ സുബേഷ് കുമാര്‍, മുന്‍ ജഡ്ജി ബ്രിജേഷ് കുമാര്‍ സോണി എന്നിവരാണ്. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
ഇന്നലെയാണ് മുന്‍ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി പൊലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവം. പ്രയാഗ്രാജിലെ ധൂമംഗഞ്ച് പൊലീസ് സ്റ്റേഷനില്‍ വച്ച് ഗുണ്ടാസംഘം ആതിഖ് അഹമ്മദിനേയും സഹോദരന്‍ അഷ്റഫിനേയും വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് പേര്‍ വെടി വെക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
പുറത്ത് നിന്ന് എത്തിയവര്‍ വെടിവെച്ചെന്നാണ് പൊലീസ് വെളിപ്പെടുത്തല്‍. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികള്‍ ആള്‍ക്കൂട്ടത്തിനു ഇടയില്‍ നിന്നും തലയ്ക്ക് വെടിവെക്കുകയായിരുന്നു. ആദ്യം വെടിവച്ചത് ആതിഖിനെയായിരുന്നു. പിന്നീട് അഷ്റഫിനെയും വെടിവെച്ചു. രണ്ടുപേരും പെട്ടെന്ന് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്.
ഉമേഷ് പാല്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.
ആതിഖ് അഹമ്മദിന്‍റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ അതീഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005ല്‍ ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *