കൊച്ചി :മണിക്കൂറുകള്‍ നീണ്ട അതിശക്തമായ മഴയില്‍ ഇന്നലെ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി. പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതക്കുരുക്കുണ്ടായി. വാഹന ഗതാഗതം തടസ്സപ്പെട്ടു.തമ്മനം, പാലാരിവട്ടം എന്നിവിടങ്ങളില്‍ വീടുകളിലും കടകളിലും അപ്രതീക്ഷിതമായി വെള്ളം കയറിയതോടെ ജനം പരിഭ്രാന്തരായി. രാവിലെ ഏഴ്മണിയോടെ തുടങ്ങിയ തീവ്ര മഴ ഏതാനും മണിക്കൂര്‍ കൊണ്ട് നഗരത്തെ വെള്ളക്കെട്ടിലാക്കി.കലൂര്‍ മുതല്‍ എംജി റോഡ് വരെ വെള്ളക്കെട്ടില്‍ ഗതാഗതം പൂര്‍ണ്ണമായി സ്തംഭിച്ചു.
നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരം വെള്ളക്കെട്ടിലായി. പ്രധാന റോഡുകള്‍ക്ക് പുറമെ ഇടറോഡും വെള്ളത്തില്‍ മുങ്ങി. 2018ലെ പ്രളയകാലത്ത് പോലും വെള്ളം കയറാതിരുന്ന പലമേഖലകളും ചുരുങ്ങിയ നേരംകൊണ്ട് വെള്ളക്കെട്ടായി.അതേ സമയം കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു.