അതിവേഗ ഇന്‍റര്‍നെറ്റ് ഗുണമേന്മയോടെ കെ ഫോണിലൂടെ ലഭ്യമാകും: മുഖ്യമന്ത്രി

Latest News

തിരുവനന്തപുരം : അതിവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് സേവനം ഗുണമേന്‍മയോടെ കെ ഫോണിലൂടെ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിജിറ്റല്‍ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു.കെ ഫോണ്‍ പദ്ധതി ഏറെക്കുറെ പൂര്‍ണതയിലേക്ക് എത്തുന്നു. നൂതന വിജ്ഞാന ശൃംഖലയുമായി നമ്മുടെ നാടിനെ വിളക്കിച്ചേര്‍ക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിവിധ തലത്തിലുള്ള ഇടപെടലില്‍ ഒന്നാണ് ഇന്‍റര്‍നെറ്റ് സൗകര്യം ഒരുക്കല്‍. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം.ഓരോ പൗരനും ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കേണ്ടതുണ്ട്. അത് വാചകത്തില്‍ ഒതുങ്ങരുതെന്നും പ്രവര്‍ത്തിപഥത്തില്‍ എത്തണം എന്നതിനാലുമാണ് കെ ഫോണ്‍ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.30000ത്തിലധികം കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ശൃംഖലയാണ് വരുന്നത്. ഇതിനായി 1611 കോടി രൂപ ചെലവഴിക്കുന്നു.
ഡിജിറ്റല്‍ സാക്ഷരത ഏറെ ആവശ്യമുള്ള കാലഘട്ടമാണിത്. അക്ഷര പരിജ്ഞാനത്തിനൊപ്പം ഡിജിറ്റല്‍ സങ്കേതം, മാധ്യമം, നിയമം എന്നിവയിലെല്ലാം സാക്ഷരത അനിവാര്യമാണ്. എങ്കിലേ ഗുണമേന്‍മയുള്ള ജീവിതം നമുക്ക് നയിക്കാനാകൂ. സംസ്ഥാനത്ത് 800ലധികം സര്‍ക്കാര്‍ സേവനം ഓണ്‍ലൈനായി ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ഡി.കെ.മുരളി എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *