അതിര്‍ത്തി കടക്കാന്‍ വീണ്ടും ചൈനയുടെ ശ്രമം

Kerala

ന്യൂഡല്‍ഹി:അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈനികര്‍ മുഖാമുഖം വന്നതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം നീണ്ട വാക്കുതര്‍ക്കം പ്രോട്ടോക്കോള്‍ പ്രകാരം ചര്‍ച്ചചെയ്ത് പരിഹരിക്കുകയായിരുന്നു. ബങ്കറുകള്‍ കേടുവരുത്താന്‍ ശ്രമിച്ച ഇരുനൂറോളം ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ബും ലാ പാസിനും യാങ്സീയ്ക്കും ഇടയിലായിരുന്നു ചൈനീസ് സൈന്യം എത്തിയത്.
ഇതാദ്യമായല്ല നിയന്ത്രണ രേഖ മറി കടക്കാന്‍ ചൈന ശ്രമിക്കുന്നത്. പലപ്പോഴും പ്രകോപനമുണ്ടാക്കാന്‍ ചൈനീസ് സൈന്യം ശ്രമിച്ചിരുന്നു.ഗാല്‍വന്‍ താഴ്വരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടനവധി ചൈനീസ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി ഇന്ത്യന്‍ സൈനികരും വീരമൃത്യവരിച്ചു.കഴിഞ്ഞമാസം ഉത്തരാഖണ്ഡില്‍ നൂറിലധികം വരുന്ന ചൈനീസ് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഒരു പാലത്തിന് കേടുപാടുണ്ടാക്കിയശേഷം മടങ്ങിപ്പോയിരുന്നു. ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ അതിര്‍ത്തിയിലൂടെയാണ് ചൈനീസ് സൈനികര്‍ ഇന്ത്യയിലെത്തിയത്. ചെറിയ കടന്നുകയറ്റങ്ങളൊഴിച്ചാല്‍ കുറച്ചു വര്‍ഷങ്ങളായി കാര്യമായ പ്രശ്നങ്ങളില്ലാത്ത അതിര്‍ത്തി പ്രദേശമായിരുന്നു ഇത്.
അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതോടെ ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക വിന്യാസം കൂടുതല്‍ ശക്തിപ്പെടുത്തി. സെന്‍സിറ്റീവ് സെക്ടറില്‍ ഇരുപക്ഷവും 50,000 മുതല്‍ 60,000 വരെ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *