ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. സിക്കിമിലെ നകുലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതില്‍ 20 ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു. ചില ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മൂന്നുദിവസം മുമ്പുണ്ടായ ഏറ്റുമുട്ടലിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. പ്രകോപനം സൃഷ്ടിക്കാനുളള ചൈനീസ് സൈന്യത്തിന്റെ നീക്കത്തിന്റെ ഇന്ത്യന്‍ സൈന്യം തടയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തി പ്രശ്നത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുളള ഒന്‍പതാംവട്ട സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ചൈന അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ആവശ്യപ്പെട്ടു.സംഘര്‍ഷ സാദ്ധ്യതയുളള ചിലയിടങ്ങള്‍ സ്വന്തമാണെന്ന ഇരു രാജ്യങ്ങളുടെയും വാദങ്ങള്‍ പരിശോധനാ വിധേയമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.2020 ആരംഭത്തില്‍ ലഡാക്കിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇന്ത്യയും ചൈനയും ഒരുലക്ഷം സൈനികരെയാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വിന്യസിച്ചത്. ഒക്ടോബര്‍ 12ന് നടന്ന ഏഴാംവട്ട ചര്‍ച്ചയില്‍ ചൈന ഇന്ത്യയോട് പാങ്ഗോംഗ് ത്സൊ തടാകക്കരയില്‍ നിന്ന് സൈനികരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവിഭാഗവും സൈനികരെ പിന്‍വലിക്കണമെന്നാണ് അന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. നവംബര്‍ ആറിന് നടന്ന എട്ടാംവട്ട ചര്‍ച്ചയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചിലയിടങ്ങളിലെ സൈനികരെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു.