അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് ചൈന

Latest News

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ മന:പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ചൈന. അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ചൈന പ്രകോപനം സൃഷ്ടിക്കുന്നത്.യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ നാല് ആഴ്ചകളായി അതിര്‍ത്തിയിലേക്ക് ചൈന വിമാനങ്ങള്‍ അയക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 24, 25 എന്നീ തിയതികളിലാണ് ചൈന വിമാനങ്ങള്‍ അതിര്‍ത്തിയിലേക്ക് അയച്ചു തുടങ്ങിയത് എന്നാണ് നിഗമനം.
ഇന്ത്യന്‍ സേനകളുടെ വിന്യാസവും മറ്റ് നീക്കങ്ങളും മനസിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ജെ-11 വ്യോമസേന വിമാനമാണ് സ്ഥിരമായി അതിര്‍ത്തിയിലെത്തുന്നത്. പലപ്പോഴും സംഘര്‍ഷ ബാധിത മേഖലകള്‍ക്കടുത്തുകൂടി വിമാനം കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ചൈനയുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ സജ്ജമാണെന്ന് വ്യോമസേന അറിയിച്ചു. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മേഖലകളില്‍ മിഗ്-29 , മിറാഷ് 2000 എന്നീ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. ചൈന പ്രകോപിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളും മുന്‍കരുതലുകളും നേരത്തെ സ്വീകരിച്ചതായി വ്യോമസേന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *