മുംബൈ: കര്‍ണാടക -മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കത്തില്‍ പ്രമേയം പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഐക്യകണ്ഠേനയാണ് നിയമസഭ പ്രമേയം പാസാക്കിയത്.കര്‍ണാടകയുടെ മറാത്തി വിരുദ്ധ നിലപാടില്‍ അപലപിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നിയമസഭയെ അറിയിച്ചു. 865 മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളെയും മഹാരാഷ്ട്രയോടപ്പം ചേര്‍ക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക നിയമസഭയും വിഷയത്തില്‍ പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയും പ്രമേയം പാസാക്കിയത്. കര്‍ണാടകയുടെ ഭൂമി, ജലം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങളുടെ താല്പര്യങ്ങളിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും സംസ്ഥാനത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിനായുള്ള ഭരണഘടനാപരവും നിയമപരവുമായ നടപടികള്‍ കൈക്കൊള്ളുമെന്നും കര്‍ണാടക നിയമസഭയുടെ പ്രമേയത്തില്‍ പറയുന്നു.1960ല്‍ മഹാരാഷ്ട്ര സ്ഥാപിതമായതു മുതല്‍ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബെളഗാവി (ബെല്‍ഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി തര്‍ക്കമുണ്ട്. ബെളഗാവിയില്‍ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്നവരാണ്. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്.