അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് നിയമം പരിഗണനയില്‍

Top News

തിരുവനന്തപുരം : അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന നിയമം കേരളത്തില്‍ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നിലവില്‍ അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979 നെ ആണ് ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത്. സംസ്ഥാനത്ത് എത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യപ്പെടണം. അതിനു ആവശ്യമായ സംവിധാനം തൊഴില്‍ വകുപ്പ് ഒരുക്കും – മന്ത്രി പറഞ്ഞു.
ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡ് അതിഥി തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 5 ലക്ഷത്തില്‍ പരം അതിഥി തൊഴിലാളികള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികള്‍ തൊഴില്‍ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോണ്‍ട്രാക്ടര്‍ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാന്‍ മാത്രമേ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. ഇക്കാര്യത്തില്‍ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമുണ്ടാക്കണം.സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് അതത് സംസ്ഥാനങ്ങളിലെ പോലീസ് ക്ലിയറന്‍സ് സെര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും.
അതിഥി തൊഴിലാളികളെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ, തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പുകളിലും തൊഴില്‍ പരിസരങ്ങളിലും നേരിട്ട് എത്തി അതിഥി ആപ്പില്‍ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റര്‍ ചെയ്യിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *