തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തമഴ തിങ്കളാഴ്ച വരെ തുടരും. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അതിതീവ്രമഴയാണ് അനുഭവപ്പെടുന്നത്.ചാലക്കുടിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ ചാലക്കുടിയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു.മലമ്പുഴ ഡാം ഇന്ന് തുറക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ഞായറാഴ്ചയോടെ രൂപപ്പെടുന്നതും അറബിക്കടലില്‍ കാറ്റ് ശക്തിപ്രാപിച്ചതുമാണ് കനത്ത മഴയ്ക്ക് കാരണമാകുന്നത്.ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘങ്ങള്‍ സംസ്ഥാനത്തെത്തി.മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തൃശ്ശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാംപുകളിലേക്ക് മാറണം.ലോവര്‍ പെരിയാര്‍ (ഇടുക്കി), കല്ലാര്‍കുട്ടി (ഇടുക്കി), പൊന്മുടി (ഇടുക്കി), ഇരട്ടയാര്‍ (ഇടുക്കി), കുണ്ടള (ഇടുക്കി), മൂഴിയാര്‍ (പത്തനംതിട്ട) എന്നീ അണക്കെട്ടുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. അടിയന്തിര സഹായങ്ങള്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1077 ല്‍ വിളിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേ സമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോട്ടയം, വയനാട്, എറണാകുളം, ഇടുക്കി കണ്ണൂര്‍ ജി്ല്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.