അണ്‍ എയ് ഡഡ് സ്കൂള്‍: പിന്നാക്കാവസ്ഥക്കാര്‍ക്ക് 25 ശതമാനം സീറ്റ് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി

Top News

കൊച്ചി: സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യവും നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അണ്‍ എയ്ഡഡ് ഒന്നാം ക്ലാസ്, പ്രീ സ്കൂള്‍ പ്രവേശന സമയത്ത് 25 ശതമാനം സീറ്റുകള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഈ വ്യവസ്ഥ നടപ്പാക്കാനുള്ള സര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് അണ്‍ എയ്ഡഡ് സ്കൂള്‍ പ്രവേശനത്തിന് നിയമപ്രകാരം അര്‍ഹതയുള്ള സംവരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍. മുകുന്ദന്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 12(1) (സി) പ്രകാരം സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നേരിടുന്ന കുട്ടികള്‍ക്ക് അണ്‍ എയ്ഡഡ് സ്കൂള്‍ പ്രവേശനത്തില്‍ 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യണമെന്നാണ് വ്യവസ്ഥ. ഇതു നടപ്പാക്കാനുള്ള ബാധ്യതയുടെ ഭാഗമായി 2013ല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
സംവരണം നല്‍കുമ്പോള്‍ പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെയും പ്രതികൂല സാഹചര്യങ്ങള്‍ നേരിടുന്ന കുട്ടികളെയും ഒന്ന്: ഒന്ന് എന്ന അനുപാതത്തില്‍ പരിഗണിക്കണം, ഏതെങ്കിലും വിഭാഗത്തില്‍ കുട്ടികളില്ലാതെ വന്നാല്‍ മറുവിഭാഗത്തിലുള്ളവരെ പരിഗണിക്കാം, ഇങ്ങനെ പ്രവേശനം ലഭിക്കുന്ന കുട്ടികളെ മറ്റു കുട്ടികളില്‍നിന്ന് ഒരുതരത്തിലും വേര്‍തിരിക്കരുത് തുടങ്ങിയവയാണ് സര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *