ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സീനിയര്‍ പുരുഷ ഫൈനലിന്‍റെ റിപ്പീറ്റ്. രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ നാടകീയ ജയം സ്വന്തമാക്കിയത്.നേരത്തെ ചൊവ്വാഴ്ച നടന്ന ആദ്യ സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. ഞായറാഴ്ചയാണ് ഇന്ത്യ – ഓസ്ട്രേലിയ ഫൈനല്‍.
രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്ട്രേലിയ പാകിസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 48.5 ഓവറില്‍ 179 റണ്‍സിന് പാകിസ്ഥാനെ ഓസീസ് എറിഞ്ഞിട്ടു. ആറ് വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രേക്കറാണ് പാകിസ്ഥാനെ തകര്‍ത്തത്. പാകിസ്ഥാന് വേണ്ടി അസാന്‍ അവായിസ് 52(91), അറാഫത്ത് മിനാസ് 52(61) എന്നിവര്‍ പാകിസ്ഥാന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.
മറുപടി ബാറ്റിംഗില്‍ ഓസീസിനെ വിറപ്പിച്ചാണ് പാക് പട കീഴടങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഒരവസരത്തില്‍ 164ന് ഒമ്പത് വിക്കറ്റ് നഷ്ടമായ ഓസീസിനെ അവസാന വിക്കറ്റില്‍ 17* റണ്‍സ് കൂട്ടുകെട്ടുമായി റാഫ് മാക്മില്ലന്‍ 19(29), കാലം വീഡ്ലര്‍ 2(9) എന്നിവരാണ് വിജയത്തിലേക്ക് നയിച്ചത്. ടോം സ്ട്രേക്കറാണ് കളിയിലെ താരം.ഒരു വര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ഐസിസി ടൂര്‍ണമെന്‍റുകളുടെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് ഫൈനല്‍ എന്നിവയില്‍ ഏറ്റമുട്ടിയപ്പോള്‍ ജയം ഓസീസിന് ഒപ്പമായിരുന്നു. ഇതിന് പകവീട്ടാന്‍ കൂടിയാവും കൗമാരസംഘം ഞായറാഴ്ച ഇറങ്ങുക