. വിടവാങ്ങിയത് കോഴിക്കോട് ബാറിലെ ആദ്യ വനിതാ അഭിഭാഷക
കോഴിക്കോട് :കോഴിക്കോട് ബാറിലെ ആദ്യ വനിതാ അഭിഭാഷക അഡ്വ.വി. എം ലീലാവതി( 88) ചാലപ്പുറം അര്‍ച്ചന അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് മാവൂര്‍ റോഡ് വൈദ്യുതി ശ്മശാനത്തില്‍.കൊയിലാണ്ടി കെ.സി കുഞ്ഞികൃഷ്ണന്‍ നായരുടെയും വൈക്കരക്കണ്ടി മണ്ണം പറമ്പത്ത് ശ്രീദേവികുട്ടിയമ്മയുടെയും മകളാണ്.
1958ല്‍ മദിരാശി ലോ കോളേജില്‍ നിന്ന് നിയമബിരുദംനേടി. 1959 ല്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്തു. തുടര്‍ന്ന് പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ കുഞ്ഞിരാമമേനോന്‍റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീട് സ്വന്തമായി പ്രാക്ടീസ് തുടങ്ങി സിവില്‍ കേസുകളില്‍ ശ്രദ്ധേയായി. ജില്ലാ ജഡ്ജിയാവാനുള്ള പരീക്ഷയില്‍ വിജയിച്ചുവെങ്കിലും മുന്‍ഗണനാക്രമം നിശ്ചയിച്ചപ്പോള്‍ പിന്നിലായിപ്പോയി.60 വര്‍ഷത്തോളം അഭിഭാഷകയായി സേവനമനുഷ്ഠിച്ചു.1975 ല്‍ അഡിഷണല്‍ ഗവണ്‍മെന്‍റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചു.കോഴിക്കോടിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത ഈ പദവിയില്‍ എത്തുന്നത്.വനംവകുപ്പ് സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കോഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.ഭാരത സേവാസമാജം,അര്‍ബന്‍ റൂറല്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍,നിരവധി വനിതാസംഘടനകള്‍ തുടങ്ങിയവയുടെയും നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ചു. നിരവധി അഭിഭാഷകര്‍ ശിഷ്യരായിട്ടുണ്ട്.