അഡ്വ.രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ

Kerala

സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വ വിധി, എല്ലാ പ്രതികള്‍ക്കും വധശിക്ഷ
വിധി മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേത്, പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി

ആലപ്പുഴ: സംസ്ഥാനത്തെ നീതിന്യായ ചരിത്രത്തിലെ അത്യപൂര്‍വ വിധി. ബി.ജെ. പി ഒ ബി സി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് കോടതി. ഇത്രയും പ്രതികള്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തില്‍ ആദ്യമാണ്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി. ജി.ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
ആലപ്പുഴ അമ്പനാകുളങ്ങര നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് അജ്മല്‍, ആലപ്പുഴ അനൂപ്, ആര്യാട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി അബ്ദുല്‍ കലാം, അടിവാരം അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് സറഫുദ്ദീന്‍, മണ്ണഞ്ചേരി മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് ജസീബ് രാജ, മുല്ലയ്ക്കല്‍ നവാസ്, കോമളപുരം സമീര്‍, നോര്‍ത്ത് ആര്യാട് നസീര്‍, മണ്ണഞ്ചേരി സക്കീര്‍ ഹുസൈന്‍, മണ്ണഞ്ചേരി ഷാജി, മുല്ലയ്ക്കല്‍ ഷെര്‍നാസ് അഷറഫ് എന്നിവരാണ് ഒന്ന് മുതല്‍ 15 വരെ പ്രതികള്‍. 15 പ്രതികളില്‍ 14 പേരും വിധി കേള്‍ക്കാനായി കോടതിയില്‍ എത്തിയിരുന്നു. പത്താം പ്രതി അസുഖബാധിതനായി ആശുപത്രിയിലായതിനാല്‍ എത്തിയില്ല.
2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ ആലപ്പുഴ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ കൊലപാതകം. പ്രതികള്‍ എല്ലാവരും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
ആലപ്പുഴ ഡിവൈഎസ്പിയായിരുന്ന എന്‍.ആര്‍. ജയരാജാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 156 സാക്ഷികളെ വിസ്തരിച്ചു. ആയിരത്തോളം രേഖകള്‍ ഹാജരാക്കി. വിരലടയാളങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, റൂട്ടുമാപ്പുകള്‍ തുടങ്ങിയവ ഹാജരാക്കി. 15 പ്രതികളില്‍ എട്ട് പേരാണ് രണ്‍ജിത്തിനെ വീട്ടില്‍ കയറി വെട്ടിയതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒമ്പത് മുതല്‍ 12 വരെ പ്രതികള്‍ വീടിനു പുറത്തു മാരകായുധങ്ങളുമായി കാവല്‍ നിന്നതിനാല്‍ അവരും കൊലപാതകക്കുറ്റ ശിക്ഷയ്ക്ക് അര്‍ഹരാണെന്ന് കോടതി വിലയിരുത്തി. 13 മുതല്‍ 15 വരെ പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളായതു കൊണ്ടാണ് ഇവര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. 15 പ്രതികള്‍ക്കുമെതിരെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എല്ലാത്തിനും സാക്ഷിയായ അമ്മയ്ക്കും ഭാര്യയ്ക്കുമുണ്ടായ മാനസികാഘാതം കൊലപാതകത്തോളം ഭയാനകമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതാപ് ജി.പടിക്കല്‍, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരായത്. കോടതി വിധിയില്‍ സംതൃപ്തരെന്ന് രണ്‍ജിത്ത് ശ്രീനിവാസിന്‍റെ കുടുംബം പ്രതികരിച്ചു. നഷ്ടം വളരെ വലുതാണ്. എന്നാല്‍ കോടതി വിധിയില്‍ ആശ്വാസമുണ്ട്. കേസ് അന്വേഷണ സംഘത്തോടും പ്രോസിക്യൂട്ടറോടും നന്ദി അറിയിക്കുന്നുവെന്നും രണ്‍ജിത്തിന്‍റെ ഭാര്യ ലിഷ പറഞ്ഞു. പൊലീസിന് വലിയ നേട്ടമാണ് വിധിയെന്ന്ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *