മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നിന്ന് അട്ടപ്പാടിയിലേക്കുള്ള മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ടം നെല്ലിപ്പുഴയില്‍ നിന്ന് ആനമൂളി വരെ എട്ട് കിലോമീറ്റര്‍ റോഡ് 44 കോടി രൂപ ചെലവിലാണ് നവീക്കുന്നത്. ഇതില്‍ 36 കള്‍വെര്‍ട്ടുകളുണ്ട്. അതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആനമൂളിയില്‍ തുടക്കമായത്.ഈ റോഡിലെ ഇലക്ട്രിക് ലൈനുകള്‍, വാട്ടര്‍ ലൈനുകള്‍ എന്നിവ മാറ്റുന്നതിന് വേണ്ടിയുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡിന്‍റെ അറ്റകുറ്റ പണിയും അടിയന്തിരമായി ചെയ്യും. രണ്ടാം ഘട്ടം ആനമൂളി മുതല്‍ മുക്കാലി വരെയുള്ള പ്രവര്‍ത്തിയുടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
അടുത്തമാസം നാലിന് ചേരുന്ന കിഫ്ബി ബോര്‍ഡ് ടെന്‍ഡറിന് അംഗീകാരം നല്‍കും. മൂന്നാം ഘട്ടത്തിന്‍റെ നടപടി ക്രമങ്ങളും പുരോഗമിച്ചു വരുന്നു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ ആനക്കട്ടി വരെ നല്ല നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് നവീകരണ പ്രവര്‍ത്തികള്‍ വിലയിരുത്തിയശേഷം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.
അഡ്വ. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ, കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബ്രൂസണ്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ പ്രിന്‍സ് ബാലന്‍, പ്രൊജക്ട് എഞ്ചിനീയര്‍ സന്ദീപ്, കരാറുകാരന്‍ ഹാരിസ്, ടി.കെ. ഫൈസല്‍, തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു