അട്ടപ്പാടി മധു വധക്കേസില്‍ പതിനൊന്നാം സാക്ഷിയും കൂറ് മാറി

Top News

മണ്ണാര്‍ക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ പതിനൊന്നാം സാക്ഷിയും കൂറ് മാറി. കൊല്ലപ്പെട്ട മധുവിന്‍റെ ബന്ധുകൂടിയായ പതിനൊന്നാം സാക്ഷി ചന്ദ്രനാണ് കൂറുമാറിയത്.പ്രോസിക്യൂഷന്‍ വാദത്തെ ഇയാള്‍ അനുകൂലിച്ചില്ല. മാത്രമല്ല, പൊലീസിന് നേരത്തെ നല്‍കിയതായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ മൊഴികള്‍ ചന്ദ്രന്‍ നിരാകരിച്ചു. കൂടാതെ മജിസ്ട്രേറ്റിന് മുമ്ബാകെ നല്‍കിയ രഹസ്യമൊഴി പൊലീസ് പറഞ്ഞ് പഠിപ്പിച്ചതനുസരിച്ച് നല്‍കിയതാണ്. ഇതൊന്നും താന്‍ നേരില്‍ കണ്ട കാര്യങ്ങളല്ല. മധുവിന്‍റെ ബന്ധുവായ പൊലീസുകാരനൊപ്പമാണ് മൊഴി കൊടുക്കാന്‍ പോയതെന്നും ചന്ദ്രന്‍ കോടതിയില്‍ പറഞ്ഞു.മധുവിനെ മര്‍ദിക്കുന്നത് കണ്ടിട്ടില്ല. കാണുന്ന സമയത്ത് പരിക്കുകളുള്ളതായി തോന്നിയില്ല. പൊലീസ് മധുവിനെ കൊണ്ടുപോകുന്നത് കണ്ടിരുന്നു. പിന്നീട് ആറ് മണിയോടെയാണ് മധു മരിച്ച വിവരം അറിഞ്ഞതെന്നും ചന്ദ്രന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നടന്ന സമരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും സമരത്തിന്‍റെ ആവശ്യമെന്തായിരുന്നെന്ന് ഓര്‍മയില്ലെന്നായിരുന്നു ചന്ദ്രന്‍റെ മൊഴി.മജിസ്ട്രേറ്റിന് നല്‍കിയ മൊഴി മാറ്റിയതോടെ കേസ് പരിഗണിക്കുന്ന മണ്ണാര്‍ക്കാട് പട്ടികജാതി- പട്ടിക വര്‍ഗ ജില്ല സ്പെഷല്‍ കോടതി ജഡ്ജി കെ.എം. രതീഷ് കുമാര്‍ സാക്ഷിയോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കള്ളസാക്ഷി പറഞ്ഞാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുകയും ചെയ്തു. എന്നാല്‍ പൊലീസ് പറഞ്ഞ് തന്നതനുസരിച്ചാണ് മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കിയതെന്ന കാര്യത്തില്‍ ചന്ദ്രന്‍ ഉറച്ചുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *