കൊച്ചി: അട്ടപ്പാടിയിലെ ആദിവാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ പിടിയില്ലെന്ന് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട്. ഒ.ആര്‍. കീഴൂര്‍ ചെയര്‍മാനായ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമസമിതി അട്ടപ്പാടി സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2021 ഡിസംബര്‍ 21ന് തെക്കേ പുതൂര്‍ വടകോട്ടത്തറ എന്നീ ഊരുകളും കോട്ടത്തറ ഗവണ്‍മെന്‍റ് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അട്ടപ്പാടിയിലെ ആദിവാസികളില്‍ 229 പേരാണ് ഗര്‍ഭിണികള്‍ ആയത്. അതില്‍ 185 പേര്‍ ഹൈ റിസ്കിലും 42 പേര്‍ വെരി ഹൈ റിസ്കിലുമാണ്. അതില്‍ 15 അരിവാള്‍ രോഗികളും ഉണ്ട്. ചുരുക്കത്തില്‍ 229 ഗര്‍ഭിണികളില്‍ ആരോഗ്യ മുള്ളവര്‍. ആദിവാസികളില്‍ 0.87 ശതമാനം പേര്‍ മാത്രമാണ് സുരക്ഷിതരായ ഗര്‍ഭിണികള്‍.കുട്ടികളില്‍ സിവിയര്‍ അക്യൂട്ട് മാള്‍ന്യൂട്രിഷന്‍ ആയിട്ടുള്ളവര്‍ 33 പേരും മോഡറേറ്റ് അക്യൂട്ട് മാള്‍ന്യൂട്രിഷന്‍ ആയിട്ടുള്ളത് 162 പേരുമാണ്.
2013 മുതല്‍ അരിവാള്‍ രോഗത്തിന്‍റെ സ്ക്രീനിങ് നടത്തിയിട്ടില്ല. അതിനാവശ്യമായ പണം ഉപകരണങ്ങളും ഇല്ല. നിലവില്‍ അരിവാള്‍ രോഗികളായി 163 പേര്‍ക്ക് മാസം 2,500 രൂപ പെന്‍ഷന്‍ നല്‍കുന്നുവെന്ന് ഡി.എം.ഒ വ്യക്തമാക്കി.കോട്ടത്തറ ആശുപത്രിയില്‍ പോഷക കുറവ്, അരിവാള്‍ രോഗം തുടങ്ങിയ അസുഖമുള്ള ഗര്‍ഭിണികള്‍ ചികിത്സ തേടി എത്തിയാല്‍ വിദഗ്ധ ചികിത്സക്ക് മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ് പതിവ്. നവജാതശിശുക്കളില്‍ കൂടുതല്‍ പേര്‍ക്കും രണ്ടര കിലോ ഗ്രാമില്‍ കുറവ് തൂക്കമാണ്. 100 ശതമാനം ഊരുകളിലും കുടുംബശ്രീ സംവിധാനം ഉണ്ട്. 775 കുടുംബശ്രീകളിലായി എന്നാ 8845 കുടുംബാംഗങ്ങളാണ്.
കമ്മ്യൂണിറ്റി കിച്ചനും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കുടുംബശ്രീയാണ്. അവരാണ് പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സി. എന്നിട്ടും അട്ടപ്പാടിയിലെ ആദിവാസികളില്‍ 80 ശതമാനത്തോളം മതിയായ പോഷകാഹാരം ലഭിക്കാതെ വിളര്‍ച്ച ബാധിച്ചവരും അരിവാള്‍ രോഗം പിടിപെട്ടുവരുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന ശിശുമരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കഴിയുന്നില്ലെന്ന് ആരോഗ്യ വകുപ്പിനെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
2021 നവംബര്‍ അവസാനം അഞ്ച് കുട്ടികളും ഒരു അമ്മയും മരണത്തിന് കീഴടങ്ങി. 2021ല്‍ 9 ശിശുക്കള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.2013 മുതല്‍ 21 ഒക്ടോബര്‍ വരെ ഔദ്യോഗിക കണക്ക് പ്രകാരം 1 14 നവജാത ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.
എന്നാല്‍ ഗര്‍ഭം അലസല്‍, ചാപിള്ള, ഗര്‍ഭസ്ഥ ശിശുമരണം തുടങ്ങിയവയുടെ യഥാര്‍ഥ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2013 മുതല്‍ ശിശുമരണം പോലുള്ള സംഭവങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ വലിയ പ്രവര്‍ത്തനങ്ങള്‍ അട്ടപ്പാടി കേന്ദ്രീകരിച്ച് നടത്തി.
എന്നാല്‍ അവ എത്രത്തോളം ഫലപ്രാപ്തിയില്‍ എത്തിയെന്ന് അന്വേഷണ വിധേയമാക്കണം. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് നിലവിലുള്ള 237 ഗര്‍ഭിണികളെയും അരിവാള്‍ രോഗികളായി 16 ഗര്‍ഭിണികളെയും ഹൈ റിസ്കില്‍ ഉള്‍പ്പെട്ട 187 ഗര്‍ഭിണികളെയും നിരീക്ഷിക്കുന്നതിനും ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വക്കര്‍, എസ്.ടി പ്രമോട്ടര്‍, അംഗനവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ സമിതിക്കു മുമ്പാകെ അറിയിച്ചു.