ജനീവ: കോവിഡ്-19നേക്കാള്‍ മാരകമായ മറ്റൊരു മഹാമാരിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ആന്‍തോം ഗെബ്രേയെസൂസ്.
കോവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രിതമായ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ കോവിഡ് 19 അവസാനിച്ചുവെങ്കിലും ആഗോള ആരോഗ്യ ഭീഷണി അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.പുതിയ വകഭേദം ഉടലെടുക്കാനുള്ള ഭീഷണി വളരെ കൂടുതലാണ്. അത് രോഗവ്യാപനം കൂട്ടുകയും മരണം ഉയര്‍ത്തുകയും ചെയ്യും. 76ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് അദ്ദേഹം തന്‍റെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നാം നേരിടുന്ന ഭീഷണി മാത്രമല്ല മഹാമാരികള്‍. അവ നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ വേണം. എല്ലാ വിധത്തിലുള്ള അടിയന്തര നടപടികളും സ്വീകരിക്കണം.മഹാമാരി പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ അതിനെ മനസ്സിലാക്കി, കൂട്ടായി, ഉചിതമായി നേരിടാന്‍ ശ്രമിക്കണം. 2030 നുള്ളില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ ആരോഗ്യ സംബന്ധമായ ലക്ഷ്യത്തിന്‍റെ സൂചകങ്ങള്‍ കൂടിയാണ് കോവിഡ് 19. 2017ല്‍ ലോകാരോഗ്യ അസംബ്ലി പ്രഖ്യാപിച്ച ട്രിപ്പില്‍ ബില്യണ്‍ ലക്ഷ്യങ്ങളുടെ പുരോഗതിയെ കാര്യമായി ബാധിക്കാനും ഈ മഹാമാരിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ പറയുന്നു.
