അടിയന്തര കൂടിക്കാഴ്ചയ്ക്കൊരുങ്ങി കോണ്‍ഗ്രസിന്‍റെ നേതാക്കള്‍

Top News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസ് എന്ന പേരു തന്നെ രാജ്യത്തു നാമാവശേഷമാക്കിയിരിക്കുകയാണ്.കോണ്‍ഗ്രസിനു നേരിടേണ്ടി വന്ന ഈ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അടിയന്തര കൂടിക്കാഴ്ച നടത്താനൊരുങ്ങി കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍ (ജി 23 നേതാക്കള്‍). ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തീവാരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ജി 23 സംഘം.
കോണ്‍ഗ്രസ് നേരിട്ട പരാജയം വളരെ ദയനീയമായിരുന്നു. പഞ്ചാബില്‍ ആം ആദ്മിയോട് തോറ്റ കോണ്‍ഗ്രസ് മറ്റു നാലു സംസ്ഥാനങ്ങളിലും തരിപ്പണമായി. പഞ്ചാബ് തിരഞ്ഞെടുപ്പിലെ താര പ്രചാരകരുടെ പട്ടികയില്‍ ജി 23ലെ പ്രധാന നേതാക്കളായ ഗുലാബ് നബി ആസാദും മനീഷ് തീവാരിയുമൊന്നും ഇടം പിടിച്ചിരുന്നില്ല.പാര്‍ട്ടിയിലെ സംഘടനാപരമായ പരിഷ്കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് 2020ല്‍ ജി 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (സിഡബ്ല്യുസി) യുടെ പ്രസിഡന്‍റ്, അംഗങ്ങള്‍, പാര്‍ട്ടിയുടെ പാര്‍ലമെന്‍ററി ബോര്‍ഡ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്ന് കത്തിലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങളും തങ്ങള്‍ നേരിട്ട തോല്‍വിയെയും പറ്റി വിലയിരുത്താനായി ഉടന്‍ തന്നെ ഒരു പ്രവര്‍ത്തക സമിതിയോഗം ചേരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സര്‍ജേവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷയ്ക്കെതിരായിട്ടാണ് വന്നത്. ഞങ്ങളതിനെ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനായി സോണിയ ഗാന്ധി വൈകാതെ തന്നെ പ്രവര്‍ത്തക സമിതിയോഗം ചേരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *