ന്യൂഡല്‍ഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുളള കൊളീജിയം ശുപാര്‍ശ ചെയ്ത ജഡ്ജിമാര്‍ ഇവരാണ്.രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ജസ്റ്റിസ് പി.വി സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതിയിലെ തന്നെ ജഡ്ജിയായ അഹ്സാനുദ്ദീന്‍ അമാനുളള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് ശുപാര്‍ശ ചെയ്തത്.
ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ കഴിഞ്ഞദിവസമാണ് സുപ്രീംകോടതി ജഡ്ജിയായി തിരഞ്ഞെടുത്തത്. ജസ്റ്റിസ് ദത്തയുടെ പേര് അംഗീകരിക്കും വരെ മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യേണ്ടെന്നാണ് കൊളീജിയം മുന്‍പ് തീരുമാനിച്ചതെന്നാണ് വിവരം. ദീപാങ്കര്‍ ദത്ത നിയമിക്കപ്പെട്ടതോടെയാണ് ഇന്ന് ഇവരെ ശുപാര്‍ശ ചെയ്തത്. മുന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിതിന്‍റെ സമയത്താണ് ജസ്റ്റിസ് ദത്തയെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ നല്‍കിയത്. ആറ് ഒഴിവുകളാണ് നിലവില്‍ സുപ്രീംകോടതിയിലുളളത്. നിലവിലെ ശുപാര്‍ശകള്‍ കേന്ദ്രം അതേപടി അംഗീകരിച്ചാല്‍ കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 33 ആകും.