ന്യൂഡല്‍ഹി : 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ പൊതുഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍.ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രം പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്. 6 മുതല്‍ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി മാസ്ക് ധരിക്കാം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമായി ശുപാര്‍ശ ചെയ്യില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആന്‍റിവൈറല്‍ ,മോണോക്ലോക്കല്‍ ആന്‍റിബോഡികളുടെ ഉപയോഗം ഗുരുതരാവസ്ഥ ഇല്ലാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിര്‍ദ്ദേശിക്കുന്നില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഗുരുതരമല്ലാത്ത കോവിഡ് കേസുകളില്‍ സ്റ്റിറോയിഡ് ഉപയോഗം അപകടകരമാണെന്നാണ് പറയുന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് കര്‍ശനമായ നിരീക്ഷണത്തില്‍ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാവൂ. ഇത് സംബന്ധിച്ചുള്ള വിശദമായ മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.